ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരു നാടു മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് തെറ്റാണെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. 2 പഞ്ചായത്തുകളിലെ 3 വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ല. കേന്ദ്രത്തിന്റെ അധിക സഹായത്തിന്റെ പേരിൽ ഇന്ത്യാസഖ്യം വ്യാജപ്രചാരണം നടത്തുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കൈമലർത്തിയതു വിവാദമായിരുന്നു. കേന്ദ്രത്തിനെതിരെ വയനാട് ജില്ലയിൽ എൽഡിഎഫും യുഎഡിഫും പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുമ്പോഴാണു മുരളീധരന്റെ പ്രതികരണം.