Site iconSite icon Janayugom Online

സർവമത സമ്മേളന ദർശനത്തിന്റെ പ്രസക്തി ഇന്നും ചർച്ച ചെയ്യപ്പെടേണ്ടത്: മുഖ്യമന്ത്രി

ചിക്കാഗോയിലെ മഹാ മത സമ്മേളനത്തിനുശേഷം ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആലുവ സർവമത സമ്മേളനത്തിന്റെ ദർശനം നൂറ്റാണ്ട് കഴിയുമ്പോഴും സജീവമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് ’ എന്ന സന്ദേശം ആലേഖനം ചെയ്തുവച്ചാണ് സർവമത സമ്മേളനം നടന്നത്. മതങ്ങളെ പോരടിച്ചു് ഇല്ലാതാക്കാൻ ആവില്ലെന്നും എല്ലാ മതങ്ങളെയും ഒന്നായി കാണണമെന്നും എല്ലാ മതങ്ങളുടെയും ധാർമ്മികമൂല്യങ്ങൾ ഒന്നാണെന്നും അത് മനുഷ്യനന്മയ്ക്ക് ഉള്ളതാണെന്നുമാണ് വിളംബരം ചെയ്തത്. ഇക്കാര്യത്തിൽ സാമൂഹിക ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ലക്ഷ്യംവച്ചത്. 1921ൽ ആലുവയിൽ വിശ്വസാഹോദര്യ സമ്മേളനവും പിന്നാലെ വൈക്കം സത്യഗ്രഹവും നടന്നിരുന്നു. എല്ലാത്തിന്റെയും ലക്ഷ്യം സാമൂഹ്യനന്മയിൽ അധിഷ്ഠിതമായ നവോത്ഥാന സങ്കല്പങ്ങൾ ആയിരുന്നു എന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

മതങ്ങളുടെ പേരിൽ കലഹിക്കുകയും അന്യമത വിദ്വേഷം അടിച്ചേല്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നാടിനെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. മതേതര രാഷ്ട്രത്തിലെ മതസൗഹാർദ ജീവിതത്തിൽ മതചിന്തകൾ ഉയർത്തി അധികാരമുറപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇന്നു നടക്കുന്നത്. രാഷ്ട്രത്തിന്റെ ബഹുസ്വരത അവസാനിക്കുകയാണെന്ന ആശങ്ക വളരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവമത സമ്മേളനം പോലുള്ള നവോത്ഥാന മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നാനാജാതി മതസ്ഥരായ വിശ്വാസികൾ പ്രായോഗികമായും വസ്തുനിഷ്ഠമായും വിലയിരുത്തി രാഷ്ട്രീയജീവിതം ചിട്ടപ്പെടുത്തി പ്രകാശപൂരിതമാക്കണമെന്നും നവോത്ഥാന നായകനായ ഗുരുവിന്റെ ദർശനങ്ങൾ അതിന് വെളിച്ചമാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു. 

സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ, തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, ഡെപ്യൂട്ടി മേയർ പി കെ രാജു, സാംസ്കാരിക വകുപ്പ് ഡയറക്ടർ മായ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, കൗൺസിലർ ചെമ്പഴന്തി ഉദയൻ,
ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ എസ് ശിശുപാലൻ എന്നിവർ പ്രസംഗിച്ചു. ആലുവ സർവ്വമത സമ്മേളനത്തിന്റെ ലഘുചരിത്രം അടങ്ങിയ മതമൈത്രിയുടെ മഹാസന്ദേശം എന്ന പിആർഡി പ്രസിദ്ധീകരിച്ച പുസ്തകം മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശിപ്പിച്ചു. 

Eng­lish Summary:The rel­e­vance of the vision of the Sar­va­ma Sam­mel­na should be debat­ed today: Chief Minister
You may also like this video

Exit mobile version