റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ മാര്‍ഗനിര്‍ദേശം ലംഘിച്ച് സര്‍ക്കാര്‍ ഏജന്‍സികളും സംസ്ഥാനങ്ങളും വിദേശ ഗ്യാരന്റിയെ ആശ്രയിക്കുന്നത് വ്യാപകമാകുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ടെന്‍ഡര്‍ വ്യവസ്ഥകളുടെ ഭാഗമായുള്ള ഗ്യാരന്റി വാങ്ങുന്നതിനാണ് കേന്ദ്ര ഏജന്‍സികളും ചില സംസ്ഥാന സര്‍ക്കാരുകളും കിഴക്കന്‍ കരീബിയന്‍ ദ്വീപായ സെന്റ് ലൂസിയായിലെ യൂറോ എക്സിം ബാങ്കിനെ ആശ്രയിക്കുന്നത്. ടെന്‍ഡര്‍ നടപടിയുടെ ഭാഗമായുള്ള ഗ്യാരന്റിക്ക് പൊതുമേഖലാ-ഷെഡ്യൂള്‍ഡ് ബാങ്കുകളെ മാത്രമേ ആശ്രയിക്കാവു എന്ന ആര്‍ബിഐ നിയമം ലംഘിച്ചാണ് വിദേശ ബാങ്കിനെ ആശ്രയിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ ഗ്യാരന്റി നല്‍കാന്‍ തയ്യാറായാലും അതുനിരസിച്ച് യൂറോ എക്സിം ബാങ്കില്‍ നിന്ന് ഗ്യാരന്റി സ്വീകരിക്കുന്ന രീതി ഗണ്യമായി വര്‍ധിക്കുന്നതായി രേഖകള്‍ പറയുന്നു.
ഗ്രാന്റ് ആന്റ് ത്രോണ്‍ടണ്‍ റിപ്പോര്‍ട്ട് പ്രകാരം 19,000 കോടി രൂപയാണ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിലെ നീക്കിയിരിപ്പ്. എന്നാല്‍ ഇന്ത്യയിലെ വിവിധ ഏജന്‍സികളുമായുള്ള വ്യാപാരം 26,560 കോടി രൂപയാണ്. ആര്‍ബിഐ ചട്ടമനുസരിച്ച് ആകെ വിഭവശേഷിയുടെ 10 ശതമാനം തുകയില്‍ കൂടുതല്‍ ഗ്യാരന്റി നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് യൂറോ എക്സിം ബാങ്കിനെ ഇടപാടുകാര്‍ വ്യാപകമായി സമീപിക്കുന്നത്. ഗ്യാരന്റിക്ക് ഈടായി തുക വാങ്ങാതെയും അടിസ്ഥാന നിക്ഷേപം ഇല്ലാതെയുമാണ് ബാങ്ക് ഗ്യാരന്റി വാഗ്ദാനം ചെയ്യുന്നത്.
നാഷണല്‍ ഹൈവേ അതോറിട്ടി, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളാണ് എക്സിം ബാങ്കിനെ ആശ്രയിച്ച് ഗ്യാരന്റി നേടിയെടുക്കുന്നത്. കരീബിയന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാട് ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണെന്നും ബാങ്കിന്റെ രേഖ പറയുന്നു. മതിയായ കരുതല്‍ ശേഖരം ഇല്ലാതെ, ഈട് ഇല്ലാതെ ഗ്യാരന്റി നല്‍കുന്ന യുറോ എക്സിമിന്റെ ഇടപാട് സംശയം വര്‍ധിപ്പിക്കുന്നതായി ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കരുതല്‍ ശേഖരവും ഈടുമില്ലാതെ ഗ്യാരന്റി നല്‍കുന്ന ബാങ്ക് ഇതെങ്ങനെ തിരിച്ചുപിടിക്കുമെന്നും ഇവര്‍ ആശങ്ക പങ്കുവച്ചു.
ബാങ്ക് ഗ്യാരന്റിയുടെ 6.5 വരെയുള്ള ഇടപാട് ഫീസ് മാത്രമാണ് യുറോ എക്സിം ബാങ്ക് ഈടാക്കുന്നത്. സംശയാസ്പദമായ ഇടപാടിനെത്തുടര്‍ന്ന് യുകെയില്‍ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ബാങ്കിന്റെ ബംഗ്ലാദേശ് ശാഖയും സംശയ നിഴലിലാണ്. ബംഗ്ലാദേശ് കെമേഴ്സ് ബാങ്ക് ലിമിറ്റഡ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ക്രെഡിറ്റ് ലൈറ്റര്‍ സംവിധാനം അവസാനിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് യുറോ എക്സിമിന് ഏതാനും ദിവസം മുമ്പാണ് കത്ത് നല്‍കിയത്. കരുതല്‍ ശേഖരവും ഈടുമില്ലാതെ ബാങ്ക് ഗ്യാരന്റി നല്‍കുന്ന യുറോ എക്സിം ബാങ്കിന്റെ നടപടി ബാങ്കിങ് തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ രാഘവ് ചന്ദ്ര അഭിപ്രായപ്പെട്ടു. സംശയ നിഴലിലുള്ള ബാങ്കുമായി ഇടപാട് നടത്തുന്ന ഏജന്‍സികളും, സംസ്ഥാന സര്‍ക്കാരുകളും ഗ്യാരന്റി വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.