Site iconSite icon Janayugom Online

കരുതല്‍ കുറവ്: രാജ്യത്ത് കരുതല്‍ ഡോസ് വാക്സിനേഷന്‍ 3.2 ശതമാനം മാത്രം

booster dosebooster dose

കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതില്‍ ഏറ്റവും പിന്നിലുള്ള രാജ്യം ഇന്ത്യ. ശരാശരി 100 ഇന്ത്യക്കാരില്‍ 3.2 പേര്‍ക്ക് മാത്രമാണ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കിയിരിക്കുന്നത്. ആഗോള ശരാശരി 27 ആണ്.
ഇക്കാര്യത്തില്‍ നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങി രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. രാജ്യത്തെ ബൂസ്റ്റര്‍ ഡോസ് വിതരണ നിരക്ക് 3.2 ശതമാനമാണെങ്കില്‍ അയല്‍രാജ്യങ്ങളിലെ നിരക്ക് യഥാക്രമം 21 ശതമാനം, 17 ശതമാനം, 11 ശതമാനം എന്നിങ്ങനെയാണ്.
100ല്‍ ഏറ്റവും കുടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുള്ള രാജ്യം ജര്‍മ്മനിയും ഇറ്റലിയുമാണ്, 68 വീതം. ജപ്പാന്‍ (63), ഫ്രാന്‍സ് (59), ഇസ്രയേല്‍ (57), ബ്രസീല്‍ (50), തായ്‌ലാന്‍ഡ് (42), യുഎസ് (42) എന്നിങ്ങനെയാണ് കണക്ക്. ദക്ഷിണ ഏഷ്യന്‍ മേഖലയില്‍ കരുതല്‍ ഡോസ് വിതരണം ചെയ്യുന്നതില്‍ ഏറ്റവും പിറകില്‍ ഇന്ത്യയാണെന്ന് ഡബ്ല്യുഎച്ച്ഒയുടെ കണക്കുകള്‍ പറയുന്നു.
2021 ജൂലൈ- ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 80 ശതമാനം പേര്‍ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു. പിന്നീട് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് മൂന്നാം തരംഗം രൂപപ്പെടുകയും പ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടും ജനങ്ങള്‍ കരുതല്‍ ഡോസ് എടുക്കുന്നതിനോട് വിമുഖത കാണിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഭൂരിപക്ഷം ആളുകളുടെ പ്രാഥമിക വാക്‌സിൻ ഷെഡ്യൂൾ ആരംഭിച്ച് എട്ട് മുതൽ പത്ത് മാസത്തിലേറെയായി. ഒമിക്രോണ്‍ തരംഗം കഴിഞ്ഞിട്ട് ആറ് മാസത്തിലേറെയായെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നാലാം തരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മൊത്തത്തിലുള്ള ജനസംഖ്യയുടെ പ്രതിരോധശേഷി കുറയുകയും ആളുകൾ വീണ്ടും ദുർബലരാകുകയും ചെയ്തിരിക്കുകയാണെന്ന് ഐസിഎംആറിലെ ശാസ്ത്രജ്ഞ പ്രഗ്യ യാദവ് പറയുന്നു. കോവിഡ് പിടിപ്പെട്ടാലും കരുതല്‍ ഡോസ് ജനങ്ങളെ ഗുരുതര രോഗബാധയില്‍ നിന്ന് സംരക്ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ രാജ്യത്തെ 97 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമനത്തിന് മുകളിലാണ്. 94 ജില്ലകളില്‍ ടിപിആര്‍ അഞ്ചിനും പത്തിനും ഇടയിലാണെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: The reserve dose vac­ci­na­tion in the coun­try is only 3.2 percent

You may like this video also

Exit mobile version