18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഏകകക്ഷി, ഏകാധിപത്യ, കോർപറേറ്റ് പിന്തുണയുള്ള വർഗീയ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്നതാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഭരണഘടനയെയും മതേതര ജനാധിപത്യ ഘടനയെയും ഫെഡറലിസത്തെയും സംരക്ഷിക്കാനും വിദ്വേഷ രാഷ്ട്രീയം, വിവേചനം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ജനാധിപത്യം, വിലക്കയറ്റം, മനുഷ്യാവകാശലംഘനങ്ങൾ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍, വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യം എന്നിവയ്ക്കെതിരെയുമുള്ള ഇന്ത്യൻ ജനതയുടെ വിധി പ്രസ്താവമാണിത്.
ഭരണഘടന അനുശാസിക്കുന്ന ‘ഇന്ത്യ’എന്ന ആശയം സംരക്ഷിക്കുന്നതിനായി വിധിയെഴുതി, ബിജെപിയെ പ്രതിരോധിക്കുവാന്‍ ശ്രമിച്ച ജനങ്ങളെ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. ഇന്ത്യ സഖ്യത്തിലെ പാർട്ടികളെ അവരുടെ പ്രകടനത്തിന് അഭിനന്ദിക്കുമ്പോൾ, മികച്ച സീറ്റ് പങ്കിടലും കൂടുതല്‍ യോജിച്ച പ്രചാരണങ്ങളും ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കെതിരായ ആഘാതം വര്‍ധിപ്പിക്കാമായിരുന്നുവെന്ന് കരുതുന്നതായും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നരേന്ദ്ര മോഡി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ മനസിലാക്കി നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമീപനം വിമർശനാത്മകമാണ്. ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശോഭനമായ ഭാവിക്കും വേണ്ടി ജനങ്ങളെ അണിനിരത്തുന്നതിന് ഇന്ത്യ സഖ്യത്തിന് സാധിക്കുമെന്നും അതില്‍ സിപിഐ സുപ്രധാന പങ്ക് വഹിക്കുമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഐയുടെ മൊത്തത്തിലുള്ള പ്രകടനവും ശരിയായ ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ട്. വിശദമായ റിപ്പോർട്ടുകൾ ലഭ്യമാകുമ്പോൾ തെരഞ്ഞെടുപ്പ് ഫലം വിമർശനാത്മകമായി അവലോകനം ചെയ്യുമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു.
English Summary:The result is an end to totalitarian and corporate rule: CPI
You may also like this video