തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് തിരിച്ചടിയല്ലെന്നും കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ഇല്ലെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് അടക്കം പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാൽ ഈ കപ്പൽ അങ്ങനെ മുങ്ങുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് കണക്ക്. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ മുന്നണിക്കുണ്ട്. മുന്നണിയുടെ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടാക്കി. സംസ്ഥാനമൊട്ടാകെ എടുത്താല്‍ ബിജെപി മുന്നേറ്റമില്ല. കോണ്‍ഗ്രസുമായി ഒരിടത്തും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യകേരളത്തിലും മലപ്പുറത്തും ഉണ്ടായ പരാജയം സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം ഞങ്ങൾക്ക് എതിരായെന്ന് പറയാനാകില്ല. മലപ്പുറത്തെ വോട്ട് പരിശോധിക്കുമ്പോൾ പത്ത് ലക്ഷം വോട്ട് ഞങ്ങൾക്കുണ്ട്. എൽഡിഎഫിന് എല്ലാ സാമുദായിക മതവിഭാഗങ്ങൾക്കിടയിലും നല്ല വോട്ട് നേടാനായെന്നാണ് കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള രാഷ്ട്രീയ അടിത്തറ വോട്ട് കണക്കിൽ വ്യക്തമാണ്. ജില്ലാ പഞ്ചായത്ത് കണക്കെടുത്താൽ സ്ഥിതി വ്യക്തമാണ്. ഓരോയിടത്തും സ്ഥിതി പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

