Site iconSite icon Janayugom Online

ലളിത ജീവിതത്തിന്റെ വിപ്ലവ സൂര്യൻ വിടവാങ്ങി: ആർ നല്ലകണ്ണിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദർശനിഷ്ഠമായ മുഖവും പാവപ്പെട്ടവന്റെ പടത്തലവനുമായിരുന്ന ആർ. നല്ലകണ്ണിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിലെ ശുദ്ധിവാശി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, ജീവിതം തന്നെ ഒരു സമരമാക്കി മാറ്റിയ വിപ്ലവകാരിയായിരുന്നുവെന്ന് കേരള അസോസിയേഷൻ സൂചിപ്പിച്ചു. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിൽ അധികാരത്തിന്റെ പളപളപ്പുകളിലേക്ക് നോക്കാതെ, സാധാരണക്കാരന്റെ വിയർപ്പിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച പുരസ്കാര തുകകൾ പോലും പാർട്ടിയിലേക്കും ജനങ്ങളിലേക്കും തിരിച്ചുനൽകിയ അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറയ്ക്ക് വലിയൊരു പാഠപുസ്തകമാണ്.

ആദർശം വാക്കുകളിൽ അല്ലെന്നും അത് സ്വയം ജീവിച്ചു കാണിക്കേണ്ടതാണെന്നും തെളിയിച്ച മഹാനായ മനുഷ്യസ്നേഹിയെയാണ് പൊതുരാഷ്ട്രീയ മണ്ഡലത്തിന് നഷ്ടമായത്. മതേതര മൂല്യങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് പങ്കുചേരുന്നതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Exit mobile version