കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ്. മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അഭിമാന നേട്ടങ്ങളായി പരാമർശിക്കുന്ന കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ മാത്രമല്ല സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് കൈവരിച്ചിട്ടുള്ളതാണ്. ഇത് കേരളത്തിന്റെ വികസന പുരോഗതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉൾച്ചേർക്കുന്ന വികസനത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അധികാരം താഴെ തട്ടിലേക്ക് വികേന്ദ്രീകരിച്ചു എന്നതാണ്. ആ അധികാരം പ്രയോഗിക്കാൻ ആവശ്യമായിട്ടുള്ള വിഭവങ്ങൾ താഴെതലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി എന്നത് പ്രധാനമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തദ്ദേശസ്ഥാപനങ്ങൾ വെറും സ്ഥാപനങ്ങൾ അല്ല പ്രാദേശിക സർക്കാരുകളാണ്. പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് കേരളം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളുടെ പിന്നിലുള്ള കാര്യം. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള വിഹിതം ഇതിനെയെല്ലാം സാധൂകരിക്കുന്നതാണ്.
2011-12 മുതൽ 2015–26 വരെ 29500 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. 2016 17 മുതൽ 2020 21 വരെ കൈമാറിയ തുക 52648 കോടിയാണ്. 2021- 2026 വരെയുള്ള കാലയളവിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയത് 70,526 കോടി രൂപയാണ്. ഈ നിലയിൽ ക്രമാനുഗതമായ വർധനവ് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിത ഇനത്തിൽ കൈമാറിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനം കേരളമാണ് എന്നതും നാം ഇതിനോട് ചേർത്ത് വായിക്കണമെന്ന് മന്ത്രി പറഞ്ഞു. വളരെ സുശക്തമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ് കേരളം അതിദാരിദ്ര്യം നിർമ്മാർജനം ചെയ്തത്. ഫലപ്രദമായ ഏകോപനത്തോട് കൂടി മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പാക്കാനാവൂ. കേരളത്തിൽ അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി താഴെത്തട്ടിൽ നിർവഹിച്ചത് തദ്ദേശസ്ഥാപനങ്ങളാണ്.
തദ്ദേശ സേവനങ്ങളെ ഡിജിറ്റൽ ആക്കാൻ സാധിച്ചു എന്നത് സർക്കാരിന്റെ വിപ്ലവകരമായ ഒരു നേട്ടമാണ്. കെ സ്മാർട്ട് എന്ന ഏകീകൃത സോഫ്റ്റ്‌വെയർ തദ്ദേശസ്ഥാപനങ്ങൾക്കായി ആവിഷ്കരിച്ചതിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ രാജ്യത്ത് ഏറ്റവും വേഗതയിൽ നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം എന്ന പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. സാർവത്രികമായ പാലിയേറ്റീവ് കെയർ സംവിധാനമുള്ള ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. സർവീസ് ഗ്രാന്റിങ്, ഇഎച്ച്ആർഎംഎസ്, സിടിപി ഹെറിറ്റേജ് റിലേറ്റസ് വെബ്സൈറ്റ് എന്നീ പദ്ധതികളുടെ ലോഞ്ചിങ്ങും മന്ത്രി നിർവഹിച്ചു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി.
കേരളത്തിന്റെ വളർച്ചയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകം: മന്ത്രി എം ബി രാജേഷ്

