Site iconSite icon Janayugom Online

ബുള്‍ഡോസറല്ല, നിയമവാഴ‍്ചയാണ് നയിക്കേണ്ടത്; കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ വീണ്ടും കടുത്തവിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാജ്യത്തെ നിയമവ്യവസ്ഥ നിയന്ത്രിക്കുന്ന ബുള്‍ഡോസര്‍ ഭരണമല്ല, നിയമവാഴ‍്ചയാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മൗറീഷ്യസില്‍ നടന്ന ‘ഏറ്റവും വലിയ ജനാധിപത്യത്തിലെ നിയമവാഴ‍്ച’ എന്ന വിഷയത്തില്‍ നടന്ന സര്‍ മൗറീസ് റൗള്‍ട്ട് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ‍്ത നിയമജ്ഞനായ സര്‍ മൗറീസ് റൗള്‍ട്ട് 1978 മുതല്‍ 1982 വരെ മൗറിഷ്യസ് ചീഫ് ജസ്റ്റിസായിരുന്നു. 

ഇന്ത്യന്‍ നിയമവ്യവസ്ഥ ബുള്‍ഡോസര്‍ ഭരണത്തിലൂടെയല്ല, നിയമവാഴ‍്ചയിലൂടെയാണ് ഭരിക്കപ്പെടുന്നത് എന്നതിന്റെ വ്യക്തമായ സന്ദേശമാണ് തന്റെ വിധി നല്‍കിയതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിലെ വിധിന്യായത്തില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് മറുപടിയായി പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് നിയമ പ്രക്രിയകളെ മറികടക്കുകയും നിയമവാഴ‍്ച ലംഘിക്കുകയും അഭയം നല്‍കാനുള്ള മൗലികാവകാശത്തെ ലംഘിക്കുകയും ചെയ്യുന്നെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എക്സിക്യൂട്ടീവിന് ജഡ്ജി, ജൂറി, ആരാച്ചാര്‍ എന്നീ പദവികള്‍ ഒരേസമയം വഹിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മൗറീഷ്യസ് പ്രസിഡന്റ് ധരംബീര്‍ ഗോഖൂള്‍, പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗുലം, ചീഫ് ജസ്റ്റിസ് രഹ്ന മുന്‍ഗ്ലി ഗുല്‍ബുള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

Exit mobile version