Site icon Janayugom Online

രൂപ തകര്‍ന്നടിഞ്ഞു; ഇടിവ് തുടരുമെന്ന് വിലയിരുത്തല്‍

പണപ്പെരുപ്പം തടയാൻ ഉയർന്ന പലിശനിരക്ക് കുറച്ചുകാലം കൂടി തുടരുമെന്ന് യുഎസ് ഫെഡ് മേധാവി ജെറോം പവൽ സൂചിപ്പിച്ചതിന് പിന്നാലെ ഏഷ്യൻ കറൻസികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകര്‍ച്ചയിലാണ്. ഇന്നലെ വ്യാപാരം ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളിൽ രൂപയുടെ മൂല്യം 80.14 എന്ന താഴ്ന്ന നിലയിലേക്ക് എത്തി. ജുലൈ 19 ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.06 ആയി കുറഞ്ഞിരുന്നു. അതിനുശേഷം 80 കടക്കുന്നത് ഇന്നലെയാണ്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 79.87 ആയിരുന്നു. 

തിങ്കളാഴ്ച രാവിലെ 11:40 ന് ഇത് 80.07 എന്ന നിലയിലായിരുന്നു. വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കിനേക്കാൾ 0.25ശതമാനമാണ് രൂപ നേരിട്ട ഇടിവ്. അടുത്ത ഒരു മാസത്തിനുള്ളിൽ 80.60 മുതൽ 80.75 എന്ന നിരക്കിലേക്ക് വരെ രൂപയുടെ മൂല്യം എത്തിയേക്കാമെന്നാണ് സൂചന. നടപ്പ് സാമ്പത്തിക വർഷം നാലാം പാദത്തോടെ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്നും ഇക്കാര്യങ്ങൾ കണക്കിലെടുത്ത് കർശന പണനയം തുടരുമെന്നുമാണ് സെൻട്രൽ ബാങ്കർമാരുടെ ജാക്സൺ ഹാൾ മീറ്റിങ്ങിൽ പവൽ മുന്നറിയിപ്പ് നല്കിയത്. 

പവലിന്റെ പ്രഖ്യാപനത്തെതുടർന്ന് ഓഹരി വിപണി നേരിട്ട വൻതകർച്ചയാണ് ഏഷ്യൻ കറൻസികളുടെ മൂല്യമിടിയാൻ കാരണം. ദക്ഷിണ കൊറിയൻ വോണിന് 1.3 ശതമാനവും തായ് ബാറ്റിന് 0. 8 ശതമാനവും ഇടിവുണ്ടായി. ജാപ്പനീസ് യെൻ 0.64, ചൈന റെൻമിൻബി 0.6, തായ്‌വാൻ ഡോളർ 0.6, മലേഷ്യൻ റിംഗിറ്റ് 0.5, ഇന്തോനേഷ്യൻ റുപിയ 0.43, സിംഗപ്പൂർ ഡോളർ 0.34 ശതമാനവും വീതം തകര്‍ച്ച നേരിട്ടു. വിപണി അവലോകനമനുസരിച്ച് ഹ്രസ്വകാലത്തേയ്ക്കെങ്കിലും രൂപയുടെ മൂല്യം താഴാനാണ് സാധ്യത. റഷ്യ‑ഉക്രെയ്ൻ യുദ്ധം പരിഹരിക്കപ്പെടുന്നതോടെ ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും രൂപ പൂർവസ്ഥിതിയിലാകുമെന്നാണ് വിലയിരുത്തൽ.

Eng­lish Summary:The rupee crum­pled; The decline is expect­ed to continue
You may also like this video

Exit mobile version