ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഒരു ഡോളറിന് 88.53 രൂപ എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് അമേരിക്ക കൂടുതൽ തീരുവ ഏർപ്പെടുത്തിയതും എച്ച്1ബി വിസ ഫീസ് വര്‍ധിപ്പിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം. 88.41 എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 25 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 88.53 എന്ന നിലയിലെത്തി. ഈ വര്‍ഷം ഏഷ്യയിലെ മോശം പ്രകടനം കാഴ്ചവച്ച കറന്‍സി രൂപയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന മൂല്യം സെപ്റ്റംബര്‍ 11ലേതാണ്, 88.44. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ നടപടികളെ ദുര്‍ബലമാക്കിക്കൊണ്ടാണ് രൂപയുടെ മൂല്യം തകര്‍ച്ച നേരിട്ടത്. രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും. സ്വർണവില നിലവിൽ തന്നെ റെക്കോഡ് തകർത്ത് പുതിയ ഉയരത്തിലെത്തിക്കഴിഞ്ഞു. ഇറക്കുമതി ഉല്പന്നങ്ങൾക്ക് വില കൂടുന്നത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടാനിടയാക്കും. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നത് സമ്പദ്‍വ്യവസ്ഥയെയും സമ്മർദത്തിലാക്കും.
രൂപ വീണ്ടും കൂപ്പുകുത്തി

