റഷ്യ സ്പെഷ്യൽ ഓപ്പറേഷൻ അഥവാ പ്രത്യേക സൈനിക നടപടി എന്നപേരിൽ ഉക്രയ്‌നിനു നേരെ കടന്നാക്രമണം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. ഉക്രെയ്ൻ നഗരങ്ങളിലും ജനവാസകേന്ദ്രങ്ങളിലും തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും കേന്ദ്രങ്ങൾക്കും കടുത്ത നാശവും ജീവാപായവും വരുത്തിവച്ച ആക്രമണം അന്ത്യം കാണാനാവാതെ തുടരുകയാണ്. യുദ്ധത്തിന് അന്ത്യംകുറിച്ച് പ്രശ്നങ്ങൾക്ക് സമാധാനപരമായ ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം തങ്ങളുടെ നിക്ഷിപ്ത നിലപാടുകൾക്ക് പിന്തുണ തേടുന്നതിലാണ് യുഎസും നാറ്റോ സഖ്യശക്തികളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതുവരെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ച ഇന്ത്യക്കുമേൽ റഷ്യാവിരുദ്ധ നിലപാടിനുവേണ്ടി യുഎസും യുകെയും അവരുടെ നയതന്ത്ര പ്രേരണ തുടരുകയാണ്. ജപ്പാനും ഓസ്ട്രേലിയയും യുഎസിനൊപ്പം അവരുടേതായ സമ്മർദതന്ത്രങ്ങളും പ്രയോഗിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ യാതൊന്നും ചെയ്യാൻ ഇതുവരെ കഴിയാത്ത യൂഎനും അതിന്റെ സെക്രട്ടറി ജനറലും തങ്ങളുടേതായ അനുനയതന്ത്രങ്ങളുമായി ഇന്ത്യയുടെ പിന്തുണ തേടിയിട്ടുണ്ട്. റഷ്യക്ക് എതിരായ ഉപരോധത്തിൽ പങ്കുചേരണം എന്നതായിരിക്കണം അവരുടെ താല്പര്യം. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയരുന്ന എണ്ണവില, രാജ്യ സുരക്ഷക്കായുള്ള തന്ത്രപ്രധാന ആയുധങ്ങളുടെ സ്രോതസ് എന്നീ പരിഗണനകൾ ഉപേക്ഷിച്ച് റഷ്യക്ക് എതിരായ നിലപാട് അവലംബിക്കുക ഇന്ത്യക്കു അസാധ്യമാണ്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ ന്യായമായ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന ഇന്ത്യയുടെ നിലപാട് തത്വാധിഷ്ഠിതവും യുക്തിഭദ്രവുമാണ്. റഷ്യയുടെ സുരക്ഷ യുദ്ധത്തിലൂടെ കൈവരിക്കാമെന്ന പ്രസിഡന്റ് പുടിന്റെ വ്യാമോഹം അസ്ഥാനത്താണെന്ന് ഇതുവരെയുള്ള യുദ്ധത്തിന്റെ ഗതിവിഗതികൾ വ്യക്തമാക്കുന്നു. തങ്ങളുടെ സൈനിക കരുത്തിനുമുന്നിൽ ഉക്രെയ്ൻ അതിവേഗം കീഴടങ്ങുമെന്നും, അവിടെ ഒരു റഷ്യൻ അനുകൂല ഭരണകൂടത്തെ അവരോധിക്കാമെന്നും ഉള്ള പുടിന്റെ വ്യാമോഹം കരുതിയിരുന്നതുപോലെ അത്ര എളുപ്പമല്ല എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ഇതുകൂടി വായിക്കാം; ഉത്തരം യുദ്ധമല്ല
ഉക്രെയിനു നേരെയുള്ള റഷ്യയുടെ കടന്നാക്രമണം റഷ്യൻ സൈനികരുടെ യുദ്ധം അല്ലെന്നും അത് പുടിൻ ഉൾപ്പെട്ട ഒളിഗാർക്കിയുടെ യുദ്ധമാണെന്നും കഴിഞ്ഞ ഒരുമാസക്കാലംകൊണ്ട് തെളിഞ്ഞിരിക്കുന്നു. ഇതിനോടകം ഏഴായിരം മുതൽ പതിനയ്യായിരം വരെ റഷ്യൻ സൈനികർ ഉക്രെയ്‌നിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യ ഉപരോധം റഷ്യയുടെ സമ്പദ്ഘടനയിൽ കടുത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. സുഹൃദ്‌രാജ്യങ്ങൾ അല്ലാത്തവർക്കും റൂബിൾ വിനിമയ അടിസ്ഥാനത്തിൽ എണ്ണയും പ്രകൃതിവാതകവും നൽകാമെന്ന പുടിന്റെ പ്രഖ്യാപനം ആ രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. റഷ്യയിൽ വളർന്നുവരുന്ന യുദ്ധവിരുദ്ധ ജനകീയ വികാരവും അവഗണിക്കാവുന്നതല്ല. റഷ്യയുടെ വിദേശനാണ്യ വരുമാനത്തിന്റെ മുഖ്യസ്രോതസ് വാതകവും എണ്ണയുമാണ്. റഷ്യയിൽ നിന്നുള്ള വാതകം തടയപ്പെടുന്നത് യൂറോപ്പിനും കടുത്ത സാമ്പത്തിക വെല്ലുവിളിയാവും. യുദ്ധം തുടർന്നുപോകുന്നത് യുഎസിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ഒരുപറ്റം ഭരണാധികാരികളുടെയും ആഗോള കോർപറേറ്റുകളുടെയും മാത്രം താല്പര്യമാണ്. തങ്ങളുടെ ആഗോള രാഷ്ട്രീയ, സാമ്പത്തിക മേൽക്കോയ്മ നിലനിര്‍ത്താനുള്ള കൈവിട്ട കളിയിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത്. അതിന് ഇരകളാക്കപ്പെടുന്നത് റഷ്യയിലെയും ഉക്രെയ്‌നിലേയും ജനങ്ങൾ മാത്രമല്ല, ലോകമെമ്പാടുമുള്ള സാധാരണ മനുഷ്യരാണ്. യുദ്ധത്തിന് അറുതിവരേണ്ടത് ലോകത്തിന്റെയും ഇന്ത്യയുടേയും ആവശ്യമാണ്. അതിന് ഇന്ത്യ അതിന്റെ എല്ലാവിധ നയതന്ത്രശേഷിയും ചാതുരിയും പൂർണതോതിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ചൈനയുമായി നമുക്കുള്ള സംഘർഷഭരിതമായ അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ചൈനയുടെ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യസന്ദർശനം, നിർദ്ദിഷ്ട ബ്രിക്സ് ഉച്ചകോടി തുടങ്ങിയ അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. ഏകധ്രുവലോകത്തെ മറികടക്കുന്ന പുതിയ ആഗോളരാഷ്ട്രീയത്തിൽ ഇന്ത്യക്കും ബ്രിക്സിനും നിർണായക പങ്കും നേതൃത്വവും വഹിക്കാനാവും.
You may also like this video;