സര്‍വകലാശാലകളെ സംഘ്പരിവാര്‍ പരീക്ഷണശാലയാക്കാനുള്ള നീക്കത്തെ നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കുക വഴി തങ്ങള്‍ക്കാവശ്യമുള്ള ചരിത്രം ഇന്ത്യയില്‍ തങ്ങളുടേതായ രീതിയിൽ നിര്‍മ്മിച്ചെടുക്കുക എന്നതാണ് സംഘ്പരിവാറിന്റെ അജണ്ട. അതിന്റെ രാഷ്ട്രീയ പരീക്ഷണശാലകളാണ് അവരെ സംബന്ധിച്ചിടത്തോളം സര്‍വകലാശാലകള്‍. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ പിന്‍സീറ്റ് ഡ്രൈവിങ് നടത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ പരീക്ഷണശാലയാവാന്‍ സര്‍വകലാശാലകളെ വിട്ടുകൊടുക്കണമോ എന്ന സമസ്യയില്‍ പോരാട്ടത്തിന്റെ വഴിയാണ് മതനിരപേക്ഷ സമൂഹം തിരഞ്ഞെടുക്കുകയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ യോഗ്യതകളുള്ളവരെ മറികടന്നാണ് എബിവിപി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത്. ആദ്യം വിസിയെ നിശ്ചയിക്കുക, ആ വിസിയിലൂടെ സംഘ്പരിവാറുകാരെ കുത്തി നിറയ്ക്കുക എന്ന അജണ്ടയ്ക്ക് നിന്ന് കൊടുക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷ മനസിന് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം രാജ്യത്തുതന്നെ അസാധാരണമായ ഒരനുഭവമാണ്. ഗവര്‍ണര്‍ക്ക് നിയതമായ മാര്‍ഗങ്ങളിലൂടെ വിയോജിപ്പുകള്‍ അറിയിക്കാം. അതിനു പകരം ഗവര്‍ണര്‍ പരസ്യ നിലപാടാണ് സ്വീകരിച്ചത്. ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണഘടനാ തലവനാണ്. ഭരണനിര്‍വഹണ അധികാരം (എക്സിക്യൂട്ടീവ് പവര്‍) സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ലെന്ന് 1974 ലെ ഷംഷേര്‍സിങ്ങ് കേസില്‍ വിധിന്യായത്തില്‍ സ്പഷ്ടമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രശംസയും സ്നേഹവും വാരിക്കോരി നല്‍കിയത് ആര്‍എസ്എസിനാണ്. ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്നുകൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കണം. ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് അദ്ദേഹം. അത് ഗൗരവമുള്ള വിഷയമാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവർണർ എക്കാലത്തും കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുകയാണ്. അത് ജനാധിപത്യ ബോധവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസവുമുള്ള ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: The Sangh Parivar agenda will be faced head on
You may like this video also