Site iconSite icon Janayugom Online

‘അപകടത്തിൽപെട്ട സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല, കുഴിയിലേക്ക് വീണതോടെ മലക്കം മറിഞ്ഞു’;വെളിപ്പെടുത്തലുമായി ഡ്രൈവര്‍

കണ്ണൂരിലെ വളക്കൈയിൽ അപകടത്തിൽപെട്ട സ്കൂൾ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ നിസാം. ഡിസംബറിൽ ഫിറ്റ്നസ് തീർന്നതാണ്.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ് നിസാം. സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആണ് ഡ്രൈവർ നിസാമിന്റെ ആരോപണം. ബസ് പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. പതുക്കെ താഴേക്ക് ഇറങ്ങുന്നതിനിടയിൽ ബ്രേക്ക് പോയതോടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടമായതെന്ന് നിസാം പറഞ്ഞു. 

ഇതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞത്. ബസിന്റെ ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. പുതുക്കാൻ പോയപ്പോള്‍ തകരാറുകൾ ചൂണ്ടികാട്ടിയാണ് ആര്‍ടിഒ മടക്കി അയച്ചത്. അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നും നിസാം പറഞ്ഞു. അതേസമയം, അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്നാണ് എഎംവിഐ ബിബിൻ രവീന്ദ്രൻ പറഞ്ഞു .കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. 

Exit mobile version