Site iconSite icon Janayugom Online

സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കി; കാർ ഡ്രൈവർ പിടിയിൽ

സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. മൈനാഗപ്പള്ളി ആനൂർകാവിൽ ആയിരുന്നു സംഭവം. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. 

ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണ് മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ശ്രീക്കുട്ടിയെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. അജ്മലിന്റെ കാര്‍ വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് ദൃക്സാക്ഷി സഞ്ജയ് പറഞ്ഞു. ഇടിച്ചയുടന്‍ സ്കൂട്ടറിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീണെന്നും ഫൗസിയ സൈഡിലേക്കും കു‍ഞ്ഞുമോള്‍ റോഡിന്റെ നടുവിലേക്കുമാണ് വീണതെന്നും അദ്ദേഹം വെളിപ്പെടുത്തി. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കേട്ടില്ലെന്നും കാര്‍ പിന്നോട്ടെടുത്ത ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടെടുക്കുകയായിരുന്നുവെന്നും നാട്ടുകാരിയായ വിദ്യ പറഞ്ഞു. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ കു‍ഞ്ഞുമോളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നും വിദ്യ ചൂണ്ടിക്കാട്ടി. 

Exit mobile version