Site iconSite icon Janayugom Online

കുരുന്നെഴുത്തുകള്‍ പുസ്തകമാകുന്നു

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. ‘കുരുന്നെഴുത്തുകള്‍’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഡയറിക്കുറിപ്പുകൾ സമാഹരിച്ച് എഡിറ്റ് ചെയ്തത് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്. കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്. 

കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തിൽ ഉണ്ട്. ക്ലാസ് മുറികളിൽ പ്രത്യേകിച്ചും ഒന്നാം ക്ലാസിൽ നടക്കുന്ന ഭാഷാ പഠന പ്രവർത്തനങ്ങളുടെ മികവിനെ അംഗീകരിക്കുവാനും സ്വതന്ത്രമായി എഴുത്തു തുടങ്ങിയ ഒന്നാം ക്ലാസിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരത്തിൽ ഒരു പുസ്തകം പുറത്തിറക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുസ്തകത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശവും ഉണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. പുസ്തകത്തിന്റെ പ്രകാശനം 23ന് ഉച്ചയ്ക്ക് 12 മണിക്ക് 2025–26 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും. വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്. 

Exit mobile version