Site iconSite icon Janayugom Online

കണ്ണീർ മുഖമായി ഇരട്ടയാർ തെരച്ചിൽ ഇന്ന് പുനരാരംഭിക്കും

idukkiidukki

ഓണാവധി ആഘോഷിക്കാൻ എത്തിയ കുഞ്ഞുജീവൻ പൊലിഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തി. ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ അയൽക്കാരും ബന്ധുക്കളും ആശ്വാസവാക്കുകൾ പോലുമില്ലാതെ വിതുമ്പി.
അഞ്ചുരുളി ടണൽ മുഖത്താണ് ഇന്നലെ രാവിലെയായിരുന്നു ദുരന്തം. രവിയുടെ പേരക്കുട്ടികളാണ് മരിച്ച അതുൽ ഹർഷും കാണാതായ അസൗരേഷും. കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ ഇന്നലെ തൽക്കാലത്തേക്ക് നിർത്തി. ഫയർഫോഴ്സും സ്കൂബ ടീമും ഇന്ന് രാവിലെ പുനരാരംഭിക്കും. 

ജലശായത്തിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരട്ടയാർ ഡാമിൽ ഒഴുക്കിൽപെടുകയായിരുന്നു ഇരുവരും. വ്യാഴം രാവിലെ 9. 30 യോടെയാണ് സംഭവം. ബന്ധുക്കളായ നാലു കുട്ടികളാണ് പന്തു കളിച്ചത്. ജലാശയത്തിൽ വീണ പന്തെടുക്കാൻ വെള്ളത്തിലിറങ്ങിയ അതുൽ ഹർഷും അസൗരേഷും കാൽ വഴുതി വീഴുകയായിരുന്നു.
ടണൽ മുഖത്ത് കയർ കെട്ടിയാണ് അസൗരേഷിന് വേണ്ടി തിരച്ചിൽ നടത്തിയത്. ഇരട്ടയാറ്റിൽ നിന്നും ടണലിലൂടെ അഞ്ചുരുളിയിലേക്ക് വെള്ളത്തിലൂടെ ഒരു വസ്തു എത്താൻ എടുക്കുന്ന സമയം കണക്കാക്കാൻ ചെറിയ പ്ലാറ്റിക് വസ്തു ഇട്ട് പരീക്ഷണം നടത്തിയിരുന്നു.
മുക്കാൽ മണിക്കൂറിനോട് അടുത്ത് സമയമെടുത്താണ് പ്ലാസ്റ്റിക് അഞ്ചുരുളിയിലെത്തിയത്. ഈ സാഹചര്യത്തിൽ കുട്ടി, ഫയർഫോഴ്സ് സംഘം അഞ്ചുരുളിയിൽ എത്തുന്നതിന് മുൻപേ തുരങ്കത്തിലൂടെ ഒഴുകി എത്തിയോ എന്ന സംശയം നിലനിൽക്കുകയാണ്. അതിനാൽ സ്ക്യൂബാ ഡൈവിന്റെ നേതൃത്വത്തിൽ ഡാമിലും പരിശോധന നടത്തി. 

കൂട്ടി ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുമോ എന്ന സംശയത്തെ തുടർന്ന് എറണാകുളത്തു നിന്ന് എത്തിച്ച നൈറ്റ് വിഷൻ ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടത്താൻ വിദഗ്ധരെ എത്തിച്ചിരുന്നു. എന്നാൽ രാത്രി സമയങ്ങളിൽ ഡ്രോൺ പറത്തുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ‍‍ഡ്രോൺ പരിശോധന നടത്തിയില്ല. ഇന്ന് ഈ പരിശോധന വീണ്ടും നടത്തും.
സ്കൂബ ഡൈവ് തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജാഫർ ഖാൻ — സ്കൂബ നിയന്ത്രിക്കുന്നു. ജില്ല ഫയർ ഓഫീസർ കെ ആർ ഷിനോയ്, ഫയർഫോഴ്സ് ഇടുക്കി സ്റ്റേഷൻ ഓഫീസർ സി അഖിൻ, നെടുങ്കണ്ടം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജീവൻ ഐസക്, കട്ടപ്പന സ്റ്റേഷൻ സീനിയർ ഫയർ ഓഫീസർ വിജയ്, എന്നിവ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. 

Exit mobile version