സഭയില്‍ നിന്ന് ഒളിച്ചോടിയ നാണക്കേട് മറയ്ക്കാന്‍, ധൈര്യം ഭാവിച്ചെത്തിയ പ്രതിപക്ഷത്തിന് രണ്ടാം ദിവസവും തിരിച്ചടി. മലപ്പുറം ജില്ലയെക്കുറിച്ചുള്ള പ്രചരണങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചിട്ടും, ബഹളമുണ്ടാക്കി മുങ്ങുകയായിരുന്നു തിങ്കളാഴ്ച. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതായിരുന്നു ഇന്നലെ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ചതോടെ, പ്രതിപക്ഷത്തിന്റെ പദ്ധതികള്‍ വീണ്ടും പാളി.
എഡിജിപി വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടെങ്കിലും, പ്രതിപക്ഷം സംസാരിച്ചതില്‍ കൂടുതലും മലപ്പുറം വിഷയമായിരുന്നു. എന്നാല്‍, മലപ്പുറം ജില്ലയുടെ പേരില്‍ ഇടതുപക്ഷത്തിനെതിരെ നടത്തിയ പ്രചരണങ്ങളും നിയമസഭയില്‍ നീര്‍ക്കുമിള പോലെ തകരുന്നതാണ് കണ്ടത്. ശബ്ദവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ സഭയില്‍ മാറിനിന്ന മുഖ്യമന്ത്രിക്കെതിരെ പരിഹാസമുയര്‍ത്തി ബഹളം സൃഷ്ടിക്കാന്‍ ലീഗ് അംഗം എന്‍ ഷംസുദ്ദീന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ തടയിട്ടു. കെ ടി ജലീലിന്റെ പ്രസംഗത്തിനിടയില്‍ പലതവണ ബഹളം വച്ച് തടസപ്പെടുത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറുടെ മുന്നിലേക്ക് ഓടി സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചു.
ചര്‍ച്ചയില്‍ ഭരണപക്ഷത്തിന് വേണ്ടി സംസാരിച്ചവരെല്ലാം മലപ്പുറം ജില്ലയ്ക്കുവേണ്ടി ഇടതുപക്ഷം ചെയ്ത കാര്യങ്ങളും, ജില്ലാ രൂപീകരണത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളുമെല്ലാം തുറന്നുകാട്ടി. ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിച്ച ആളുകളുടെ പട്ടികയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളായിരിക്കും മുന്നിലുണ്ടാവുക. ഇടതുപക്ഷത്തിന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ് ചെയ്യുന്നത് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രമാണെന്ന് ഇടതുപക്ഷ അംഗങ്ങള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ലാതെയായി.