Site iconSite icon Janayugom Online

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഇരുട്ടില്‍ തപ്പി യുഡിഎഫും, ബിജെപിയും

സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഫും, ബിജെപിയും, കോണ്‍ഗ്രസില്‍ നേതൃത്വത്തെ പറ്റി കടിപിടി കൂടുകയാണ്, മുഖ്യമന്ത്രിയെ മാറ്റുമെന്ന് പ്രഖ്യാപിച്ച് എത്തിയ കെ സുധാകരന് പ്രസിഡന്‍റ് സ്ഥാനം മാറേണ്ടി വന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ സാഹചര്യം. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന പ്രതിപക്ഷനേതാവിന് ഒന്നുപോലും ഇതുവരെ തെളിയിക്കാനായിട്ടില്ല. കോണ്‍ഗ്രസില്‍ പുതിയ കെപിസിസി പ്രസിഡന്റിനേയും, യുഡിഎഫ് കണ്‍വീനറിനേയും എടുത്തെങ്കിലും വെളുക്കാന്‍ തേച്ചത് പാണ്ടു പോലെയായിരിക്കുകയാണ്,

എഐസിസിയുടെ സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യമാത്രമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കന്നത്. അതിനുവേണ്ടി കെ സിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുണ്ട്. സംസ്ഥാനത്തെ കെസി ‑വിഡി കൂട്ടുകെട്ടിനെതിരെ പഴയ ഗ്രൂപ്പുകള്‍ എല്ലാം ഒന്നിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നിലവിലുള്ള ഗ്രുപ്പ് പോരും, പരസ്പരം അംഗീകരിക്കാത്ത അവസ്ഥയും യുഡിഎഫിലെ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കുള്ള എതിര്‍പ്പ് ശക്തമാണ്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നുണകളാവര്‍ത്തിച്ച് സത്യമാക്കാനും ജനങ്ങളെ തറ്റിദ്ധരിപ്പിക്കാനുള്ള യുഡിഎഫ് ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ ദുരാരോപണങ്ങളുടെ കൂരമ്പുകള്‍ തുടര്‍ച്ചയായി തൊടുത്തിട്ടും ഒന്നും ക്ലച്ച് പിടിച്ചില്ല എന്നതാണ് വസ്തുത. ചിലത് ബൂമറാങ്ങായി യുഡിഎഫ് നേതാക്കള്‍ക്കെതിരെ തിരിച്ചടിക്കുകയും ചെയ്തു.ബ്രൂവറിയെന്നും എഐ ക്യാമറയെന്നും സിഎംആര്‍എല്‍ എന്നും പറഞ്ഞ് വാലും തുമ്പുമില്ലാത്ത എണ്ണമറ്റ അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഇതൊന്നും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം ദുരാരോപണങ്ങളില്‍ നിന്ന് പ്രതിപക്ഷത്തിന് ഒളിച്ചോടേണ്ടിയും വന്നു.പാലക്കാട് സ്പിരിറ്റ് നിര്‍മ്മാണ ശാലയ്ക്ക് എതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്പിരിറ്റ് ലോബിക്ക് വേണ്ടിയായിരുന്നു കോണ്‍ഗ്രസ് വിയര്‍പ്പൊഴുക്കിയതെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബോധ്യമായി. പിന്നാലെ കോണ്‍ഗ്രസ് പിന്മാറി.

ട്രാഫിക് നിയലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത് ഗതാഗത വകുപ്പിന്‍റെ ശ്രദ്ധേയമായ പദ്ധതിയായിരുന്നു. എന്നാല്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് അതിനും തുരങ്കം വെക്കാന്‍ ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ക്യാമറ വെച്ച തൂണില്‍ കയറി സമരം ചെയ്തു. പക്ഷേ പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നാലെ ട്രാഫിക് നിയമലംഘനങ്ങളും റോഡപകടങ്ങളും പകുതിയായി കുറഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും തെളിവ് ചോദിക്കുമ്പോള്‍ ഉരുണ്ടുകളിക്കുകയുമെന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പതിവ് രീതിയായി മാറുകയാണ്.ദേശീയപാതാ വികസനത്തിനെതിരെ സിംഗൂരില്‍ നിന്ന് മണ്ണെത്തിച്ച് യുഡിഎഫ്- ബിജെപി ഒന്നായി നിന്ന് സമരം ചെയ്തു. എന്നാല്‍ എന്തുണ്ടായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാല്‍ പണിത ഈ റോഡിലൂടെ തന്നെയാണ് ഇക്കൂട്ടരുടെ യാത്രകളും .

വിഴിഞ്ഞം തുറമുഖത്തിനെതിരെ പരസ്യമായി സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അതിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു എന്നത് മറ്റൊരു വിരോധാഭാസം.മുഖ്യമന്ത്രിയെ മാറ്റാന്‍ കച്ചകെട്ടിയിറങ്ങിയ കെ സുധാകരനാകട്ടെ അധികാരത്തര്‍ക്കത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു എങ്ങനെയെങ്കിലും ഭരണം പിടിക്കാനുള്ള പ്രചണ്ഡമായ പ്രചരണങ്ങളാണ് കോണ്‍ഗ്രസ് അഴിച്ചു വിടുന്നത്. എന്നാല്‍ ഒന്നും ജനങ്ങള്‍ അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയാതെ ഉഴലുകയാണ് അവര്‍.

സംസ്ഥാന ബിജെപിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കെ സുരേന്ദ്രനെ മാറ്റി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡന്റായി തീരുമാനിച്ചെങ്കിലും സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് മറ്റൊരു തരത്തില്‍ ശക്തമാവുകയാണ്. മുന്‍ കാല നേതാക്കളെല്ലാം രാജീവ് ചന്ദ്രശേഖറിനെതിരെ തല്‍ക്കാലം ഒന്നിച്ചിരിക്കുകയാണ്. സാധാരണ പാര്‍ട്ടി നേതാക്കളെയും, പ്രവര്‍ത്തകരെയും മറന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന പ്രസിഡന്റ് നടത്തുന്നതെന്ന പരാതി അവര്‍ക്കിടിയിലുണ്ട്.

Exit mobile version