കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാക്കാനുള്ള അതിവേഗ ജോലികൾ പുരോഗമിക്കുന്നു. ഇൻഫോപാർക്ക് വരെ നിശ്ചയിച്ചിട്ടുള്ള രണ്ടാംഘട്ടം സ്മാർട്ട് സിറ്റി വരെയാകും പൂർത്തിയാക്കുക. ഇൻഫോ പാർക്കിലേക്ക് നീട്ടുന്നതിനുള്ള സ്ഥലം വിട്ടുകിട്ടിയിട്ടില്ല. സർക്കാരും ഇൻഫോപാർക്ക് അധികൃതരുമായി ചർച്ചകൾ നടക്കുകയാണ്. അത് വിട്ടുകിട്ടുന്ന മുറയ്ക്ക് പണികൾ പൂർത്തിയാക്കുമെന്നും കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചെമ്പുമുക്ക്, പടമുകൾ എന്നിവിടങ്ങളിലും സ്ഥലം കിട്ടാത്ത പ്രശ്നം നിലവിലുണ്ട്. അതിനാൽ ഇവിടെ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥലം ഏറ്റെടുത്താലുടൻ നിർമ്മാണം തുടങ്ങുമെന്നും ബഹ്റ പറഞ്ഞു. വാട്ടർമെട്രോയുടെ പ്രവർത്തനത്തിന് എഐ സംവിധാനം ഏർപ്പെടുത്തും. ഇത് സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുകയാണ്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി സഹകരിച്ചായിരിക്കും സംവിധാനം ഒരുക്കുക.
രാജഗിരി എൻജിനീയറിങ് കോളജും ഈ വിഷയത്തിൽ പഠനംനടത്തിയിട്ടുണ്ട്. നിലവിലുള്ള മെട്രോ ലൈനുകളിൽ എഐ സംവിധാനം ഒരുക്കുന്നതിനെക്കാളും ചെലവ് കുറവായിരിക്കും പുതിയ ലൈനുകളിൽ ഒരുക്കുന്നതിന്. നിലവിൽ എഐ സംവിധാനം കൊച്ചി മെട്രോയിൽ ഏർപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ ഡിഎംആർസിയുമായി ചേർന്ന് നടത്തിയ പഠനത്തിൽ അഞ്ച് കേന്ദ്രങ്ങൾ ഇതിനായി തെരഞ്ഞെടുത്തിരുന്നെന്നും എംഡി പറഞ്ഞു. മൂന്നാം ഘട്ടത്തിന്റെ ഡിപിആർ മാർച്ച് 14 ന് ലഭിക്കുമെന്നും ലോക്‌നാഥ് ബഹ്റ പറഞ്ഞു

