Site icon Janayugom Online

മയക്കുമരുന്നിനെതിരെ രണ്ടാംഘട്ട ക്യാമ്പയിന്‌ ഇന്ന് തുടക്കം

drugs

മയക്കുമരുന്നിനെതിരെയുള്ള സർക്കാരിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്‌ ശിശുദിനമായ ഇന്ന് തുടക്കമാകും. ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്‌. ഇന്ന് രാവിലെ 11 മണിക്ക്‌ മയക്കുമരുന്നിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ രണ്ടാം ഘട്ട ക്യാമ്പയിന്‌ തുടക്കമാകും. കൈറ്റ്‌ വിക്ടേഴ്സ്‌ ചാനൽ വഴി സന്ദേശം തത്സമയം സംപ്രേഷണം ചെയ്യും. പരിപാടി എല്ലാ സ്കൂളുകളിലും കോളജുകളിലും തത്സമയം പ്രദർശിപ്പിക്കും. 

എക്സൈസ്‌ വകുപ്പും വിമുക്തി മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികൾക്കായി തയാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവർ’ ബോധവല്ക്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. പുസ്തകത്തിന്റെ ഇംഗ്ലീഷ്‌, കന്നഡ, തമിഴ്‌, ഹിന്ദി ഭാഷാ പതിപ്പുകളും തയാറാക്കും. വിവിധ ആദിവാസി ഭാഷകളിലും പുസ്തകം പുറത്തിറക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക്‌ ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. ഇന്ന് സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ്‌ സഭകളും ചേരും. ഇതിനായി ഒരു പിരിയഡ്‌ ഉപയോഗിക്കും. 

ആദ്യഘട്ടത്തില്‍ നടപ്പാക്കിയ കാര്യങ്ങൾ, രണ്ടാംഘട്ട ക്യാമ്പയിനിന്റെ വിവരങ്ങൾ, വിദ്യാർത്ഥികളുടെ അനുഭവങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. സ്കൂൾ പാർലമെന്റ്‌/കോളജ്‌ യൂണിയൻ ഈ പ്രവർത്തനത്തിന്‌ നേതൃത്വം നൽകും. സ്കൂൾ/കോളജ്‌ തലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിക്കും. ലഹരി മുക്ത കാമ്പസിനായുള്ള മാസ്റ്റർ പ്ലാനിന്റെ തുടക്കമായി ഈ പരിപാടി മാറും. നവംബർ എട്ടിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഉന്നത തല സമിതി യോഗമാണ്‌ പരിപാടികൾ രൂപകല്പന ചെയ്തത്‌.
മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട ക്യാമ്പയിനിലും എല്ലാ വ്യക്തികളും അണിചേരണമെന്ന് മന്ത്രി എം ബി രാജേഷ്‌ അഭ്യർത്ഥിച്ചു. സമൂഹത്തിൽ വലിയ ചർച്ചകൾ സൃഷ്ടിക്കാൻ ആദ്യഘട്ട പ്രചാരണത്തിന്‌ കഴിഞ്ഞു. ലോകകപ്പ്‌ ഫുട്ബോൾ ആവേശത്തെയും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കാനായി സർക്കാർ ആവിഷ്കരിച്ച ഗോൾ ചലഞ്ചിന്‌ ബുധനാഴ്ച തുടക്കമാകും.

രണ്ട്‌ കോടി ഗോളടിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ഗോളടിച്ച്‌ നിർവഹിക്കും. ‌എല്ലാ വിദ്യാലയങ്ങളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും, തദ്ദേശ സ്വയംഭരണ വാർഡുകളിലും, കുടുംബശ്രീ യൂണിറ്റുകളിലും, പൊതുസ്ഥലങ്ങളിലും ഗോൾ ചലഞ്ച്‌ നടക്കും. ഒന്നാംഘട്ടത്തിൽ ഒരു കോടിയോളം ആളുകളെ അണിനിരത്തിയ ശൃംഖല ആണ്‌ തീർത്തതെങ്കിൽ, രണ്ടാംഘട്ടത്തിൽ രണ്ട്‌ കോടി ഗോളുകളടിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. രണ്ടാംഘട്ട പ്രചാരണ പരിപാടികളും വിജയിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: The sec­ond phase of the cam­paign against drugs has start­ed today

You may also like this video

Exit mobile version