Site iconSite icon Janayugom Online

സീനിയർ ഹോക്കി കളിക്കാര്‍ സംഘടന രൂപീകരിക്കുന്നു

കേരളത്തിലെ സീനിയർ ഹോക്കി താരങ്ങളുടെ സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളികളായ ഹോക്കി താരങ്ങളെ ആദരിക്കും. ജനുവരി 8ന് കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് മുതിർന്ന ഹോക്കി താരങ്ങളെ ആദരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ സീനിയർ ഹോക്കി കളിക്കാരുടെ സംഘടനയായ സീനിയർ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഹോക്കിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടക്കും. ഒളിമ്പ്യൻമാരായ ശ്രീജേഷ്, ദിനേശ് നായിക്ക്, അനിൽ ആൽഡ്രിൻ, സാബു വർക്കി എന്നിവർക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളികളായ റൂഫസ് ഡിസൂസ, ജോർജ് നൈനാൻ, ബിപിൻ ഫെർണാണ്ടസ് എന്നിവരെയാണ് സ്പായുടെ നേതൃത്വത്തിൽ ആദരിക്കുന്നത്.

ഇതോടൊപ്പം കേരളത്തിലെ സീനിയർ ഹോക്കി കളിക്കാരുടെ സംഘടനയും നിലവിൽ വരും. സീനിയർ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഹോക്കി ( സ്പാ) കേരളത്തിന് വേണ്ടി ഹോക്കി കളിച്ച സീനിയർ കളിക്കാരുടെ സംഘടനയാണ്. കേരള സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്റ്റ്, 1860 പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയിൽ നിലവിൽ 70ലേറെ അംഗങ്ങളുണ്ട്.
മുൻകാല കളിക്കാരായ ഡാമിയൻ കെ ഐ (പ്രസിഡണ്ട്), സുനിൽ ഡി ഇമ്മട്ടി ( സെക്രട്ടറി), ടി പി മൻസൂർ (ട്രഷറർ) എന്നിവർ ഭാരവാഹികളായ 17 അംഗ കമ്മിറ്റി നിലവിൽ വന്നു. സംസ്ഥാനത്ത് ഹോക്കിയുടെ പ്രചാരം വർദ്ധിപ്പിക്കുക, സ്പോൺസർമാരെ കണ്ടെത്തി പുതിയ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കുക, കളിക്കാരെ സാമ്പത്തികമായി സഹായിക്കുക തുടങ്ങിയവയാണ് അസോസിയേഷന്റെ ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ നാല് സോണുകളാക്കി തിരിച്ച് ഓരോ സോണിലും സ്പാ ഹോക്കി അക്കാദമി എന്ന പേരിൽ ഹോക്കി അക്കാദമികൾ സ്ഥാപിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Eng­lish sum­ma­ry; The senior hock­ey play­ers form the organization
You may also like this video;

Exit mobile version