Site icon Janayugom Online

മണ്ണ് ചതിക്കില്ല; വാഴകളുടെ വൈവിധ്യമാർന്ന ബനാനാ ബാങ്കുമായി വേങ്ങേരി സ്വദേശി ബാബു

കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഓർമ്മകളാണ് ഓരോ മലയാളിയുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്. കൃഷിയിൽ നിന്ന് വിട്ടുപോയ ഒരു സമൂഹത്തെ തിരിച്ച് മണ്ണിലിറക്കിയ കാലമായിരുന്നു കോവിഡ് മഹാമാരി തീർത്ത രണ്ട് വർഷം. മണ്ണ് ചതിക്കില്ല എന്നത്തിന് ഉത്തമ ഉദാഹരണമാണ് പ്രവാസ ജീവിതത്തിന് ശേഷം കൃഷിയിലേക്ക് തിരിഞ്ഞ വേങ്ങേരി സ്വദേശി ബാബു പറമ്പത്ത് എന്ന കർഷകന്റെ ആശയത്തിൽ രൂപംകൊണ്ട വാഴകളുടെ വൈവിധ്യമാർന്ന ബനാനാ ബാങ്ക്. വേങ്ങേരിയിലെ നിറവ് കർഷക കൂട്ടായ്മയിൽ നിന്നുയർന്നുവന്ന സംരംഭത്തിൽ വൈവിധ്യങ്ങളായ 115 ഇനം വാഴകളാണുള്ളത്. ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ തായ്മൂസ, ആഫ്രിക്കയിലെ ബിഗാബിക, ഇസ്രയേൽ റോബസ്റ്റ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളാണ് ഇവിടെയുള്ളത്. കോവിഡിന്റെ സമയത്താണ് ഇത്തരമൊരു ആശയം ബാബുവിന്റെ മനസ്സിലേക്ക് കടന്നത്. തുടർന്ന് വീടിനോട് ചേർന്നുള്ള 20 സെന്റ് സ്ഥലത്ത് വീട്ടുമുറ്റത്ത് നിന്ന് പറിച്ചു നട്ട നാല് വാഴയിൽ നിന്ന് തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ 15 നാടൻ കന്നുകളും 15 മറുനാടൻ കന്നുകളുമായി. പിന്നീട് പല സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വൈവിധ്യങ്ങളായ വാഴകൾ എത്തിച്ചു തുടങ്ങി. 100 വർഷങ്ങൾക്കു മുമ്പ് ആയിരത്തിലേറെ ഇനം വാഴയാണ് ഉണ്ടായിരുന്നത് എന്നാണ് പറയുന്നത്. എന്നാൽ ഇന്ന് അതു കുറഞ്ഞു വരികയാണ്.

നഷ്ടപ്പെട്ട കാർഷിക സംസ്കാരം തിരിച്ചു പിടിക്കാമെന്ന ലക്ഷ്യമാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിലുള്ളത് ഇദ്ദേഹം പറഞ്ഞു. ബനാനാ ബാങ്കിനെ കുറിച്ചുള്ള കേട്ടറിവിൽ നിന്നും നേരിട്ട് കാര്യങ്ങൾ മനസിലാക്കാനായി നിരവധി വിദ്യാത്ഥികളും അധ്യാപികമാരുമാണ് നിറവിലെത്തുന്നത്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള കാർഷിക ബനാന റിസർച്ച് സെന്ററിന്റെ നിർദ്ദേശത്തോടെയാണ് ബനാനാ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത കർഷകരും കാർഷിക സർവ്വകലാശാലയിൽ നിന്ന് പഠനം കഴിഞ്ഞവരും ഉൾപ്പെടെ വിവിധ മേഖലയിലുൾപെട്ടവരുടെ 25 റിസോഴ്സ് ഗ്രൂപ്പ് രൂപീകരിച്ചാണ് കൃഷി പരിപാലനത്തിന് സഹായിക്കുന്നത്. ഈ റിസോഴ്സ് ഗ്രൂപ്പിൽ ഉള്ളവരായിരിക്കും കർഷകനുമായുള്ള ആശയവിനിമയം നടത്തുക. കർഷകരുടെയും കൃഷിയുടെയും വിവരങ്ങൾ ഓൺലൈനായി ലഭിക്കും. ഇതിനായി പ്രത്യേകം സോഫ്റ്റ് വെയറും സജ്ജീകരിച്ചിട്ടുണ്ട്. അതിലൂടെ ഏതൊക്കെ വാഴ ഏതൊക്കെ കർഷകരുടെ പക്കൽ ഉണ്ട് എന്നുള്ള വിവരം അറിയാൻ സാധിക്കും. കൃഷിയോടുള്ള താൽപര്യമാണ് ഇദ്ദേഹത്തെ ഇത്ര ദൂരമെത്തിച്ചത്. ഇനിയും വ്യത്യസ്ത ഇനങ്ങളെ തേടിയുള്ള യാത്ര തുടരുകയാണ്. നല്ല രീതിയിൽ ലാഭത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഓണത്തിലേക്കുള്ള ഓർഡറുകൾ മാസങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങിക്കഴിഞ്ഞു. അതിന് പുറമേ 2025 വരെ പഴത്തിനും കന്നിനുമുള്ള ബുക്കിംഗ് ഉണ്ടെന്നും ബാബു പറമ്പത്ത് പറഞ്ഞു.

Eng­lish sum­ma­ry; The soil will not cheat; Babu from Ven­geri with Banana Bank, a vari­ety of bananas

You may also like this video;

Exit mobile version