Site iconSite icon Janayugom Online

മകനെ ന​ഗ്നനാക്കി തെരുവിൽ തല്ലിച്ചതച്ചു, അച്ഛനെയും അമ്മയെയും ഉപദ്രവിച്ചു; ഡൽഹിയിൽ ക്രൂരമർദനം

ജിമ്മിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ ഡൽഹിയിൽ കുടുംബത്തിനുനേരെ ക്രൂരമർദനം. കുടുംബനാഥനായ രാജേഷ് ​ഗാർ​ഗിനെയും ഭാര്യ റീത്ത ഗാർഗിനെയും മർദിക്കുകയും ഇവരുടെ മകനെ വസ്ത്രാക്ഷേപം നടത്തി പരസ്യമായി തല്ലിച്ചതക്കുകയുമായിരുന്നു. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ ജനുവരി രണ്ടിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

രാജേഷ് ഗാർഗിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ ബേസ്‌മെന്റിലാണ് ജിം പ്രവർത്തിക്കുന്നത്. ജിമ്മിന്റെ കെയർടേക്കറായ സതീഷ് യാദവ് തന്നെ വഞ്ചിച്ചെന്നും ബിസിനസ് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ഗാർഗ് പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ജനുവരി രണ്ടിന് ജിമ്മിലെ ജലദൗർലഭ്യം പരിശോധിക്കാൻ പോയ ഗാർഗിനെയും ഭാര്യയെയും സതീഷ് യാദവും ഒപ്പമുണ്ടായിരുന്ന ഗുണ്ടകളും ചേർന്ന് തടയുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ഭാര്യയെ ഉപദ്രവിച്ചതെന്ന് ഗാർഗ് പരാതിയിൽ പറയുന്നത്. 

ബഹളം കേട്ട് താഴേക്ക് വന്ന മകനെ പ്രതികൾ പിടികൂടി റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. നഗ്നനാക്കപ്പെട്ട യുവാവിനെ അഞ്ച് പേരടങ്ങുന്ന സംഘം തല്ലുന്നതും ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പൊലീസ് എത്തിയതിന് ശേഷമാണ് ഇവർ അക്രമം അവസാനിപ്പിച്ചത്. സംഭവത്തിൽ സതീഷ് യാദവിനെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

Exit mobile version