Site iconSite icon Janayugom Online

ട്രെയിലറിലുള്ള ഗാനം സിനിമയില്‍ ഇല്ല; നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ചിത്രത്തിന്റെ ട്രെയിലറില്‍ പ്രമോഷനില്‍ കാണിച്ച ഗാനം ഉള്‍പ്പെടുത്താത്തതിന്, ചിത്രം കണ്ടയാള്‍ക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

2016ല്‍ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്‍ ചിത്രമായ ഫാന്‍ തീയറ്ററില്‍ കുടുംബ സമേതം കണ്ട അര്‍ഫീന്‍ ഫാതിമ സൈദിയാണ്, നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. പ്രമോഷന്‍ കണ്ടാണ് ചിത്രം കാണാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ചിത്രത്തില്‍ പ്രമോഷനിലെ പാട്ട് ഉണ്ടായിരുന്നില്ലെന്നും ഉപഭോക്തൃ ഫോറത്തില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഉപഭോക്താവ് എന്ന നിലയില്‍ താന്‍ ചതിക്കപ്പെട്ടുവെന്നും ഇതിനു നഷ്ടപരിഹാരം നല്‍കണമെന്നാണ് സൈദി ആവശ്യപ്പെട്ടത്.

ജില്ലാ ഉപഭോക്തൃഫോറം പരാതി തള്ളിയതിനെ തുടര്‍ന്ന് സൈദി മഹാരാഷ്ട്രാ സംസ്ഥാന ഫോറത്തെ സമീപിക്കുകയായിരുന്നു. സംസ്ഥാന ഫോറം അനുകൂലമായി ഉത്തരവിടുകയും പതിനായിരം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനായിരുന്നു വിധി. ഇതിനെതിരെ നിര്‍മാതാക്കള്‍ ദേശീയ കമ്മിഷനെ സമിപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. ട്രെയിലര്‍ പ്രമോഷനില്‍ ഉള്‍പ്പെടുത്തിയ പാട്ട് സിനിമയില്‍ ഇല്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് യഷ് രാജ് ഫിലിംസ് കോടതിയില്‍ വാദിച്ചു. ഇതു പല അഭിമുഖങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിട്ടുള്ളതാണെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു.

Eng­lish Summary:The song in the trail­er is not in the movie; The Supreme Court set aside the order to pay compensation
You may also like this video

Exit mobile version