Site icon Janayugom Online

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്നു തുടക്കം. ഏപ്രില്‍ 29 വരെയാണ് പരീക്ഷ നടക്കുക. കേരളത്തിനകത്തുള്ള 2,943 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്.
4,26,999 റഗുലര്‍ വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോടാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം. 2014 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നട മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

പരീക്ഷയുടെ നടത്തിപ്പിനായി 2961 ചീഫ് സൂപ്രണ്ടുമാരുടെയും 2976 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെയും പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരുടെയും നിയമനം ഇതിനോടകം പൂര്‍ത്തിയായി. പരീക്ഷാനടപടികള്‍ കുറ്റമറ്റരീതിയില്‍ നടക്കുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, പരീക്ഷാ ഭവന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ തലങ്ങളിലുള്ള സ്ക്വാഡുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും. രണ്ടാം വർഷ ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷകൾ ഇന്നലെ ആരംഭിച്ചിരുന്നു. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലായാണ് ഹയർ ഹയർസെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലൻസ് സ്ക്വാഡുകള്‍ പ്രവർത്തിക്കുന്നുണ്ട്. 

Eng­lish Summary:The SSLC exam starts today
You may also like this video

Exit mobile version