Site iconSite icon Janayugom Online

സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നമില്ല; സംഘാടകര്‍ക്കെതിരെ അന്വേഷണം നടത്തും: ജിസിഡിഎ

കൊച്ചി സ്റ്റേഡിയത്തില്‍ നിര്‍മിച്ച ഗ്യാലറിയില്‍ നിന്നും വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ സംഘാടകർക്കെതിരേ അന്വേഷണം നടത്തുമെന്ന് ജിസിഡിഎ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി) ചെയർമാൻ കെ ചന്ദ്രൻ പിള്ള. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോൾ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.‌

വിഐപി പ്ലാറ്റ്ഫോമിന് പുറമെ പരിപാടിക്കായി നിർമിച്ച സ്റ്റേജിന് സ്റ്റേബിൾ ആയ ബാരിക്കേഡ് ഇല്ലായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. സ്റ്റേഡിയത്തിന് സുരക്ഷാ വീഴ്ച്ചയില്ല. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാകാര്യങ്ങളും അവരുടെ ഉത്തരവാദിത്വത്തിൽ ചെയ്യണമെന്ന് കരാറിൽ ഒപ്പ് വെച്ചിരുന്നു. എന്നാൽ അത് പൂർണമായി പാലിക്കപ്പെട്ടില്ല എന്നാണ് വ്യക്തമാകുന്നത്. അതിനാൽ വീഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുമെന്നും കെ ചന്ദ്രൻ പിള്ള പറഞ്ഞു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.ഗ്യാലറിയുടെ മുകളില്‍ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. സംഭവത്തിൽ സ്റ്റേജ് നിര്‍മ്മാണത്തിലെ അപാകതയ്‌ക്ക് സംഘാടകർക്കെതിരേ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version