Site iconSite icon Janayugom Online

വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരങ്ങൾ പരിമിതം; കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം മറുപടി നൽകി

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽപെട്ട വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് വളരെ പരിമിതമായ അധികാരമെ ഉള്ളൂവെന്ന് വ്യക്തമാക്കി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കേരളത്തിന് മറുപടി നൽകി. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണം, ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഏർപ്പെടുത്തിയ അപ്രായോഗിക വ്യവസ്ഥകളിലും നടപടക്രമങ്ങളിലും മാറ്റങ്ങൾ വരുത്തണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളം അയച്ച കത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 11 (1) (എ) പ്രകാരം പട്ടിക ഒന്നിലെ വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈ വകുപ്പിന്റെ രണ്ടും മൂന്നും ഖണ്ഡികയിലെ (പ്രൊവൈസോ) നിബന്ധനകൾ പ്രകാരം ആക്രമണകാരികളായ വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടി വയ്ക്കാനോ, മറ്റ് സ്ഥലത്തേക്ക് മാറ്റാനോ സാധിക്കുന്നില്ലെങ്കിൽ ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ മാത്രമെ ഈ അധികാരം ഉപയോഗിക്കാവൂ. പിടികൂടുന്ന അത്തരം വന്യമൃഗത്തിന് കാര്യമായ പരിക്കുണ്ടാവാതിരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രദ്ധിക്കണം. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ പാലിച്ചു മാത്രമെ വന്യമൃഗത്തെ പിടികൂടുന്നതിനും ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം അതിനെ കൊല്ലുന്നതിനും ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുള്ളൂ. 

കേന്ദ്ര വനം, പരിസ്ഥിതി വകുപ്പു മന്ത്രി കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടത്തിയ പ്രസ്താവന തീർത്തും അവാസ്തവവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് തെളിയിക്കുന്നതാണ് ഈ മറുപടിയെന്ന് സംസ്ഥാന വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ മാത്രം പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം ക്രമപ്പെടുത്താവുന്നതാണ്. കേന്ദ്രത്തിൽ നിന്നു ലഭിച്ച മറുപടി പ്രകാരം കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽ പെട്ട ആന, കടുവ, പുലി, കരടി, വിവിധയിനം കുരങ്ങുകൾ, മുള്ളൻപന്നി, മയിൽ തുടങ്ങിയ നൂറുകണക്കിന് വന്യമൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നതിന് ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമില്ല. എന്നാൽ നരഭോജിയായ മൃഗങ്ങളെ നടപടിക്രമങ്ങൾ പാലിച്ച് കൊല്ലൻ ഉത്തരവിടാവുന്നതാണ്. കുരങ്ങുകളെ പട്ടിക രണ്ടിൽ നിന്നും പട്ടിക ഒന്നിലേക്ക് മാറ്റി കടുവയ്ക്കും ആനയ്ക്കും മറ്റും നൽകുന്ന സംരക്ഷണം തന്നെ അവയ്ക്കും നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ നടപടി. 

Exit mobile version