ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ നിർധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിൽ 17ന് പരിഗണിക്കും. പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബയാണ് ഗുരുതര ചികിത്സാ പിഴവ് നേരിട്ടത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ചികിത്സയ്ക്ക് വിധേയയായത്. 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വയർ കുറുകെ കീറിയാണ് ഷീബയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റി വിട്ടെന്നാണ് പരാതി. നിലവിൽ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷീബ. പൊതുപ്രവർത്തകനായ ജി എസ് ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
English Summary: The stomach was not sutured after surgery; The Human Rights Commission filed a case
You may also like this video