സ്വാതന്ത്ര്യ ദിനാഘോഷംവരെ വര്‍ഗ്ഗീയവത്കരിക്കുകയും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയും ചെയ്യുന്ന ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള താക്കീതാണ് ഇത്തവണത്തെ സമരഗാഥയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എഐടിയുസി പാലക്കാട് അഞ്ചുവിളക്കിന് മുന്നില്‍ സംഘടിപ്പിച്ച ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കവിഭാഗക്കാരനായ മദിരാശി സംസ്ഥാനത്തിലെ ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന പുലിക്കാട്ട് രത്നവേലു ചെട്ടിയാര്‍ സ്മാരകമായ അഞ്ചുവിളക്കിന് മുന്നിലാണ് എഐടിയുസിയും സംസ്ഥാന പരിപാടികള്‍ക്ക് തുടക്കമിട്ടത് എന്നത് ശ്രദ്ധേയമാണ്.
ബ്രിട്ടീഷുകാരനായ മലബാര്‍ കലക്ടര്‍ക്ക് ഹസ്തദാനം നല്‍കി സ്വീകരിച്ചതിിന്റെ പേരില്‍ തന്റെ മുന്നില്‍വെച്ച് അദ്ദേഹം കൈകഴുകിയത് ആത്മാഭിമാനത്തിനേറ്റ വലിയ മുറിവായി കണക്കാക്കിയാണ് രത്നവേലു ചെട്ടിയാര്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ സ്മാരകമായി ഇന്നു നിലകൊള്ളുന്ന അഞ്ചുവിളക്ക് അധസ്ഥിതരുടെ അവകാശബോധത്തിന്റെ തെളിവാണെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി ശിവദാസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വിജയന്‍ കുനിശ്ശേരി, സെക്രട്ടറിമാരായ കെ മല്ലിക, കെ സി ജയപാലന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ വേലു, ജില്ലാ സെക്രട്ടറി എന്‍ ജി മുരളീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
English Summary: The story of the struggle is a warning to the central government that communalises even the Independence Day celebrations: KP Rajendran
You may like this video also