Site iconSite icon Janayugom Online

യൂണിയന്‍ ചെയര്‍മാന് സസ്പെന്‍ഷന്‍ നല്‍കിയതില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ബന്ദിയാക്കി

കട്ടപ്പന ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ ചെയര്‍മാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ പൂട്ടിയിട്ടു. കോളേജ് ചെയര്‍മാന്‍ കെ.ബി.ജിഷ്ണുവിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രിന്‍സിപ്പല്‍ വി.കണ്ണനെ ആറു മണിക്കൂര്‍ പൂട്ടിയിട്ടത്. കട്ടപ്പന എസ്‌ഐ കെ. ദിലീപ്കുമാര്‍ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായി എട്ട് ദിവസത്തെ സസ്‌പെന്‍ഷന്‍ അഞ്ച് ദിവസമായി കോളേജ് അധികൃതര്‍ വെട്ടികുറച്ചതോടെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്നും താല്കാലികമായി പിന്‍മാറി.
കഴിഞ്ഞ മാസം 28ന് ഗേള്‍സ് ഹോസ്റ്റലില്‍ ആറ് മണിക്ക് ശേഷം താമസിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയെ റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ പ്രവേശിക്കുവാന്‍ അനുമതി നല്‍കിയിരുന്നില്ല. ഒരു മിനിട്ട് മാത്രം താമസിച്ചെത്തിയെന്ന കാരണത്താല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുന്നില്ലായെന്ന് അറിഞ്ഞെത്തിയ ജിഷ്്ണുവും രഞ്ജിത്തും റസിഡന്റ് ട്യൂട്ടറായ അധ്യാപികയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് റസിഡന്റ് ട്യൂട്ടറോട് മോശമായി പെരുമാറുകയം ഭീഷിണിപ്പെടുത്തിയെന്ന് കാണിച്ച് കോളേജ് കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സസ്്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കോളേജ് കൗണ്‍സില്‍ കള്ളക്കേസാണ് എടുത്തതെന്ന് ആരോപിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ രാവിലെ 10.30 മുതല്‍ പ്രിന്‍സിപ്പാളിനെ മുറിയില്‍ പൂട്ടിയിട്ട് സമരം ചെയ്യുകയായിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. തുടര്‍ന്ന് രണ്ടിന് സ്റ്റാഫ് കൗണ്‍സില്‍ കൂടിയെങ്കിലും സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് തീരുമാനിച്ചു. ഇതോടെ പ്രിന്‍സിപ്പലിനെ പുറത്ത് വിടില്ലെന്ന് സമരക്കാരും പ്രഖ്യാപിച്ചു. നാലുമണിയോടെ പോലീസും സമരക്കാരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും എട്ട് ദിവസമായിരുന്ന സസ്പെന്‍ഷന്‍ അഞ്ച് ദിവസമായി കുറച്ചതോടെ വിദ്യാര്‍ഥികള്‍ 4.30 ന് പരിഞ്ഞുപോയി.

Eng­lish Sum­ma­ry: The stu­dents held the prin­ci­pal hostage in protest against the sus­pen­sion of the union chairman

You may also like this video 

Exit mobile version