കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രകൃതിദുരന്തങ്ങള്‍ക്കെതിരായ അടിയന്തര നടപടി ആവശ്യപ്പെടുമ്പോഴും രാജ്യത്തെ വന്യജീവി സങ്കേത സംരക്ഷണത്തില്‍ ഇന്ത്യക്ക് വിമുഖത. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തെ ഏറ്റവും വലിയ കണ്ടല്‍വനം ഉള്‍ക്കൊള്ളുന്ന സുന്ദര്‍ബന്‍ ബയോസ്‍ഫിയര്‍ റിസര്‍വ് നാശത്തിന്റെ വക്കിലാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം എല്ലാ വര്‍ഷവും ഏകദേശം 200 മീറ്ററോളം വനം നശിക്കുന്നുണ്ടെന്നാണ് കണക്ക്. സുന്ദര്‍ബനിലെ ഹാലിഡെ ദ്വീപ് വന്യജീവി സങ്കേതത്തിന്റെ വലുപ്പം ഭയാനകമാംവിധം കുറഞ്ഞുവരികയാണ്. 1976 ല്‍ പ്രദേശം വിജ്ഞാപനം ചെയ്തപ്പോള്‍ അളന്ന 595 ഹെക്ടറില്‍ ( 5.95 ചതുരശ്ര കിലോമീറ്റര്‍) നാല് ഹെക്ടര്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളു. സമീപ ഭാവിയില്‍ ദ്വീപ് പൂര്‍ണമായും വെള്ളത്തിനടിയിലാകുമെന്നാണ് കാലാവസ്ഥാ വിദഗ്‍ധര്‍ പറയുന്നത്.
വനം, വന്യജീവി സംരക്ഷണ ചുമതലയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോ ഏജന്‍സികളോ വന്യജീവി സങ്കേതത്തിനുണ്ടായ പാരിസ്ഥിതിക നാശത്തിന്റെ കാരണങ്ങളെ കുറിച്ച് യാതൊരുവിധ പഠനങ്ങളും നടത്തിയിട്ടില്ല. വന്യജീവികളുടെ സംരക്ഷണത്തിന് ഉത്തരവാദിത്തമുള്ള കേന്ദ്ര സര്‍ക്കാര്‍ സംഘടനയായ നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ ഒരു ചര്‍ച്ചകളിലും സുന്ദര്‍ബന്‍ വന്യജീവി സങ്കേതം ഉള്‍പ്പെട്ടിരുന്നില്ല. ഹാലിഡെ ദ്വീപിനെ സംബന്ധിച്ച് സംഘടനയുടെ കെെവശം കൂടുതല്‍ വിവരങ്ങളുമില്ല.
സങ്കേതത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും നടപടിയുണ്ടായില്ലെങ്കില്‍ ദ്വീപ് ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും കൊൽക്കത്ത സർവകലാശാലയിലെ ഗവേഷക സംഘം ചൂണ്ടിക്കാണിക്കുന്നു. ഹാലിഡെ ദ്വീപ് പുനഃസ്ഥാപിക്കുന്നതിന് വിശദമായ പഠനം ഉടനടി ആവശ്യമാണെന്നും സർവകലാശാലയുടെ പരിസ്ഥിതി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പുനർബസു ചൗധരി പറയുന്നു.
മനുഷ്യവാസമില്ലാത്ത ദ്വീപില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമേ പ്രവേശനമുള്ളൂ. അന്തർദേശീയ വ്യാപാര കൺവെൻഷന്റെ കീഴിൽ വംശനാശഭീഷണി നേരിടുന്ന ഇനമായി വർഗീകരിച്ചിരിക്കുന്ന എസ്റ്റുവറൈൻ മുതല, കുതിരപ്പട ഞണ്ട്, ഗംഗാ ഡോൾഫിൻ എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത തരം ജന്തുജാലങ്ങള്‍ ദ്വീപില്‍ കാണപ്പെടുന്നുണ്ട്. 47 ഇനം പക്ഷികളും 26 സസ്യങ്ങളും കണ്‍വെന്‍ഷന്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. തീരത്തെ മണ്ണൊലിപ്പ് തടയാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മെഗാപോഡ് ദ്വീപ് വന്യജീവി സങ്കേതത്തിന് സമാനമായ അവസ്ഥ ഹാലിഡെ ദ്വീപുകള്‍ക്ക് നേരിടേണ്ടി വരുമെന്ന് വിദഗ്‍ധര്‍ പറയുന്നു.
English Summary: The Sundarbans are disappearing: Halliday Island’s area has shrunk to less than one percent
You may also like this video