Site iconSite icon Janayugom Online

നൂറ് മുസ്‌ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നത് എങ്ങനെ; കേരള ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീംകോടതി

മുസ്‌ലിം പള്ളി നിർമ്മിക്കാൻ അനുമതി നിഷേധിച്ചത് ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നൂറ് മുസ്‌ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൂറുൽ ഇസ്​ലാം സാംസ്കാരിക സംഘം നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. കേസിലെ എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശിച്ചത്.

നേരത്തെ നിലമ്പൂരിൽ ഒരു വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാനായി നൂറുൽ ഇസ്‌ലാം എന്ന സാംസ്‌കാരിക സംഘടന ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന് കളക്ടർ അനുമതി നൽകിയില്ല. കെട്ടിടം ഇരിക്കുന്ന പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 മുസ്‌ലിം പള്ളികളുണ്ട് എന്നതായിരുന്നു അനുമതി നിഷേധിക്കാനുണ്ടായ കാരണം. ഈ തീരുമാനത്തിനെതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സമിതി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതിയും കളക്ടറുടെ നിലപാടിനെ ശരിവെക്കുകയായിരുന്നു. ഇതോടെയാണ് നൂറുൽ ഇസ്‌ലാം സുപ്രീംകോടതിയെ സമീപിച്ചത്.

Exit mobile version