Site iconSite icon Janayugom Online

അലിഖാന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി സുപ്രീം കോടതി

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് അശോക സര്‍വകലാശാല പ്രൊഫ അലി ഖാന്‍ മഹ്മൂദാബാദിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ വ്യാപ്തി സുപ്രീം കോടതി പരിമിതപ്പെടുത്തി. രണ്ട് എഫ്ഐആറുകളില്‍ അന്വേഷണം ഒതുക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിര്‍ദേശം നല്‍കി. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുംവരെ ഇടക്കാല ജാമ്യം തുടരുമെന്നും ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതി രൂപീകരിച്ച എസ്ഐടി അന്വേഷണ പരിധി വിപുലീകരിച്ചേക്കുമെന്ന് അലി ഖാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് പുതിയ ഉത്തരവിറക്കിയത്. അധികാരപരിധിയിലുള്ള കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമുമ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം.

അലി ഖാന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്തിനാണ് പിടിച്ചെടുക്കുന്നതെന്ന് ബെഞ്ച് അന്വേഷണ സംഘത്തോട് ചോദിച്ചു. അന്വേഷണം ശരിയായ ദിശയിലായിരിക്കണമെന്നും നിര്‍ദേശിച്ചു. ബിജെപി നേതാവിന്റെയും ഹരിയാന വനിതാ കമ്മിഷന്റെയും പരാതിയിലാണ് അലി ഖാനെതിരെ കേസെടുത്തത്. കേസ് സംബന്ധിച്ച വിഷയങ്ങളിലൊഴികെ എല്ലാ കാര്യങ്ങളിലും അലി ഖാന് അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിനൊപ്പം സമാന്തര മാധ്യമ വിചാരണ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Exit mobile version