Site icon Janayugom Online

രാജ്യദ്രോഹ നിയമങ്ങള്‍ സുപ്രീംകോടതി മരവിപ്പിച്ചു

രാജ്യദ്രോഹനിയമം സുപ്രീം കോടതി മരവിപ്പിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട 124 എ വകുപ്പ് കേന്ദ്രം പുനഃപരിശോധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവ്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊളോണിയല്‍ കാലത്തുണ്ടാക്കിയ, 152 വര്‍ഷം പഴക്കമുള്ള നിയമത്തിനാണ് സുപ്രീം കോടതി താല്ക്കാലിക വിരാമമിട്ടത്. പുതിയ കാലത്തിന് യോജിക്കുന്നതല്ല നിയമമെന്ന നിരീക്ഷണവും കോടതി നടത്തി. ഐപിസി 124 എ പ്രകാരം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം. നിലവില്‍ ഈ വകുപ്പു പ്രകാരം വിചാരണ തുടരുന്ന കേസുകളിലും അപ്പീലുകളിലും നടപടികളും താല്ക്കാലികമായി മരവിപ്പിക്കുന്നു. ബന്ധപ്പെട്ട വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണവും തുടര്‍നടപടികളും വകുപ്പിന്റെ പുനരവലോകനം പൂര്‍ത്തിയാകുംവരെ മരവിപ്പിക്കുകയാണെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ കഴിയുന്നവര്‍ക്ക് ബന്ധപ്പെട്ട കോടതികളെ ജാമ്യത്തിനായി സമീപിക്കാം. ഈ വകുപ്പു പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കും പരിഹാരം തേടി കോടതികളെ സമീപിക്കാവുന്നതാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വേണം ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഇടക്കാല ഉത്തരവിന് പ്രാബല്യമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിലപാടു പ്രകാരവും സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും വകുപ്പു ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാവുന്നതാണെന്നും ഉത്തരവ് വിശദീകരിക്കുന്നു.

കൊളോണിയല്‍ കാലത്തെ നിയമം സംബന്ധിച്ച് പുനരവലോകനം വേണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടും വകുപ്പ് പുനഃ പരിശോധിക്കുകയാണെന്ന കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തലും നിരീക്ഷിച്ച ശേഷമാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിയമത്തോട് ആദ്യം അനുകൂല നിലപാടും പിന്നീട് നിയമം പുനഃപരിശോധിക്കാമെന്ന നിലപാടുമാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചത്.

കരസേനയില്‍ നിന്ന് വിരമിച്ച മേജര്‍ ജനറല്‍ എസ് ജി വോബത്‌കേര, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, മുന്‍ കേന്ദ്ര നിയമ മന്ത്രി അരുണ്‍ ഷൂരി, മാധ്യമ പ്രവര്‍ത്തകരായ അനില്‍ ചമാഡിയ, പട്രീഷിയ മുഖീം, അനുരാധാ ഭാസിന്‍, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, അസം ജേര്‍ണലിസ്റ്റ് യൂണിയന്‍, ടിഎംസി എംപി മൊഹുവാ മൊയിത്ര, ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി ഇന്നലെ പരിഗണിച്ചത്.

നിയമം പുനഃപരിശോധിക്കുന്ന സാഹചര്യത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലേ. ഈ വകുപ്പ് ചുമത്തി നടപടികള്‍ നേരിടുന്നവര്‍ക്ക് എന്ത് പോംവഴിയാണ് നല്‍കാനാകുക എന്നീ ചോദ്യങ്ങള്‍ക്ക് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. ഇന്നലെ കോടതി നടപടികള്‍ ആരംഭിക്കും മുമ്പേ ഇതിന്റെ വിശദീകരണം കേന്ദ്രം സുപ്രീം കോടതിക്കു സമര്‍പ്പിച്ചു. എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക, നിലവില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കോടതി നടപടികള്‍ വേഗത്തിലാക്കുക എന്നീ പരിഹാരങ്ങളാണ് എസ്ജി കോടതിക്കു മുന്നില്‍ വച്ചത്.

കേസില്‍ പുതിയ ഉത്തരവുകള്‍ ഉണ്ടാകരുതെന്നും ബന്ധപ്പെട്ട കക്ഷികളല്ല മറിച്ച് പൊതു താല്പര്യ ഹര്‍ജികളാണ് കോടതിക്കു മുന്നിലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തുടര്‍ന്ന് കോടതി നടത്തിയ സ്വകാര്യ ആശയ വിനിമയത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി എത്രപേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന് ബന്ധപ്പെട്ട അഭിഭാഷകരോട് ചോദിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്‌ഖേമിന് ഒരു കേസില്‍ ഈ കോടതി തന്നെ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ സി യു സിങ് ചൂണ്ടിക്കാട്ടി. ഈ വകുപ്പ് ചുമത്തി 13,000 പേര്‍ ജയിലിലുണ്ടെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നല്‍കിയ മറുപടി.

സിപിഐ സ്വാഗതം ചെയ്തു

 

ന്യൂഡൽഹി: രാജ്യദ്രോഹനിയമം മരവിപ്പിച്ച സുപ്രീം കോടതിയുടെ ചരിത്ര പ്രധാനമായ വിധിയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഈ വകുപ്പ് പിൻവലിക്കണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്ന പാർട്ടിയാണ് സിപിഐ എന്നും ആ നിലപാട് ന്യായീകരിക്കപ്പെടുകയാണ് വിധിയിലൂടെയെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ (രാജ്യദ്രോഹക്കുറ്റം) വകുപ്പ് പുനഃപരിശോധിക്കുന്നതുവരെ പ്രഥമ വിവര റിപ്പോർട്ട് തയാറാക്കരുതെന്ന നിർദേശം ശ്രദ്ധേയമാണ്. ബ്രിട്ടീഷ് കാലത്തുണ്ടാക്കിയ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നുള്ള സുപ്രീം കോടതി നിര്‍ദേശവും ആശ്വാസകരമാണ്.

2011ൽ തന്നെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഐപിസി 124 എ വകുപ്പിലെ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഒരു ദശാബ്ദത്തിനു ശേഷം ജനാധിപത്യ വിരുദ്ധ, സ്വേച്ഛാധിപത്യ നിയമമായ രാജ്യദ്രോഹക്കുറ്റം പരമോന്നത കോടതി സ്റ്റേ ചെയ്തിരിക്കുന്നുവെന്നത് സിപിഐയുടെ സുസ്ഥിരമായ നിലപാട് ശരിവയ്ക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry; The Supreme Court froze the trea­son laws

You may also like this video;

&

Exit mobile version