Site iconSite icon Janayugom Online

ദേശീയ ഹരിത ട്രൈബ്യൂണൽ ഹൈക്കോടതിക്ക് താഴെയെന്ന് സുപ്രീം കോടതി

ദേശീയ ഹരിത ട്രെെബ്യൂണൽ (എൻജിടി) ഒരു നീതിന്യായക്കോടതിയാണെങ്കിലും അതിന്റെ അധികാരപരിധി ഹൈക്കോടതിക്ക് താഴെയാണെന്നും സുപ്രീം കോടതി. വിശാഖപട്ടണത്തെ ഋഷികോണ്ട കുന്നുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഭരണഘടനാ കോടതികളുടെ ഉത്തരവുകൾക്ക് ട്രൈബ്യൂണലുകളെക്കാൾ പ്രാബല്യമുണ്ടെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി. ‘എൻജിടിയും ഹൈക്കോടതിയും പരസ്പരവിരുദ്ധമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് അസാധാരണമായ ഒരു സാഹചര്യത്തിലേക്ക് നയിക്കും.

ഏത് ഉത്തരവുകൾ പാലിക്കണമെന്ന് അധികാരികൾക്ക് ആശയക്കുഴപ്പമുണ്ടാകും. അത്തരം സാഹചര്യത്തിൽ ഭരണഘടനാ കോടതിയുടെ ഉത്തരവുകൾ നിയമാനുസൃത ട്രൈബ്യൂണലുകളെക്കാൾ നിലനിൽക്കും-സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും എൻജിടിക്ക് മുമ്പാകെ നടപടികൾ തുടരുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ആന്ധ്രാ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‍വി വാദിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനുമേല്‍ എൻജിടി നടപടി തുടരുന്നത് നിയമപരമായി നിലനില്ക്കില്ല എന്നതിനാൽ എൻജിടി നടപടികൾ റദ്ദാക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു.

അതേസമയം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വികസനം ആവശ്യമാണെങ്കിലും, ഭാവിയിലേക്കായി മലിനീകരണ രഹിതമായ അന്തരീക്ഷം സംരക്ഷിക്കുന്നതിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Eng­lish summary;The Supreme Court has ruled that the Nation­al Green Tri­bunal is below the High Court

You may also like this video;

Exit mobile version