Site iconSite icon Janayugom Online

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നു വ്യക്തമാക്കി കൊണ്ടാണിത്. അതേസമയം, ജാമ്യ വ്യവസ്ഥകളില്‍ സുപ്രീം കോടതി മാറ്റം വരുത്തി. ഇതുപ്രകാരം, വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാന്‍ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനും വിലക്കുണ്ട്.

ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളുവെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥയിലും മാറ്റം വരുത്തി. ഇതുപ്രകാരം, ആവശ്യമായി വന്നാല്‍ പൊലീസിനു തുടര്‍ന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാം. അതിജീവിതയെ അധിക്ഷേപിക്കാന്‍ പാടില്ല. തെളിവു നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളും വിജയ് ബാബുവിനുള്ള മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമാക്കിക്കൊണ്ടാണ് ജഡ്ജിമാരായ ഇന്ദിര ബാനര്‍ജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.

വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജയദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇന്നു കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനു പുറമേ, അതിജീവിതയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നു തന്റെ പേര് വിജയ്ബാബു വെളിപ്പെടുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദമുണ്ടെന്നുമാണ് അതിജീവിത ചൂണ്ടിക്കാട്ടിയത്.

Eng­lish sum­ma­ry; The Supreme Court reject­ed the demand to can­cel the antic­i­pa­to­ry bail of vijaybabu

You may also like this video;

Exit mobile version