കൊലക്കേസ് പ്രതിയെ 25 വര്‍ഷത്തിന് ശേഷം വിട്ടയച്ച് സുപ്രീംകോടതി.രേഖകള്‍ അവഗണിച്ച കോടതി അനീതി കാണിച്ചുവെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി നടപടി.നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചു നല്‍കാന്‍ കഴിയില്ലെന്നും കോടതി ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് ഉത്തരവ്.കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.1994ല്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ വിരമിച്ച കേണലിനെയും മകനെയും സഹോദരിയെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഓം പ്രകാശിനെയാണ് കോടതി വിട്ടയക്കുന്നത്.
1994ല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് 14 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കോടതി കണ്ടെത്തി. ശിക്ഷ 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിര്‍ദേശിക്കുന്നതിലും ഉയര്‍ന്ന പരിധിയിലായതിനാല്‍ ജസ്റ്റിസുമാരായ എം എം സുന്ദരേഷും അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ച് വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം വിചാരണ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും വിചാരണക്കോടതി അംഗീകരിച്ചില്ല വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.
2012–ൽ രാഷ്ട്രപതിക്ക് ദയാഹർജി കൊടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയത്. 60 വയസ് തികയുന്നതുവരെ പ്രതിയെ മോചിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ഇതിനിടെ, പ്രായം നിർണയിക്കൽ പരിശോധനയുടെ റിപ്പോർട്ടും പ്രതിക്ക് അനുകൂലമായിരുന്നെങ്കിലും ഇതും ഹൈക്കോടതി തള്ളി. ഇതേതുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. രേഖകള്‍ അവഗണിച്ച കോടതികള്‍ പ്രതിയോട് കാണിച്ചത് അനീതിയാണെന്ന് സുപ്രീംകോടതി വിലയിരുത്തി.
കോടതി ചെയ്ത തെറ്റ് ഒരാളുടെ അവകാശത്തിന് തടസ്സമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വസ്തുതകള്‍ക്കടിയില്‍ മറഞ്ഞിരിക്കുന്ന സത്യം കണ്ടെത്താനുള്ള ഏകമനസ്സോടെയുള്ള പരിശ്രമമാണ് കോടതിയുടെ പ്രാഥമിക കര്‍ത്തവ്യം. അതിനാല്‍, കോടതി സത്യത്തിന്റെ ഒരു സെര്‍ച്ച് എന്‍ജിനാണ്. നടപടിക്രമവും നിയമങ്ങളുമാണ് അതിന്റെ ഉപകരണങ്ങള്‍. സുപ്രീംകോടതി അഭിപ്രായപ്പെട്ടു.