Site iconSite icon Janayugom Online

ശകാരം ആത്മഹത്യാ പ്രേരണയല്ലെന്ന് സുപ്രീം കോടതി; അധ്യാപകനെ കുറ്റവിമുക്തനാക്കി

ശകാരിക്കുന്നത് ആത്മഹത്യാ പ്രേരണാ കുറ്റമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിദ്യാര്‍ത്ഥിയെ വഴക്ക് പറഞ്ഞത് ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസില്‍ അധ്യാപകനെ വെറുതെ വിട്ടു. സ്കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുള്ള അധ്യാപകന്‍ സഹപാഠിയുടെ പരാതിയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ശകാരിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശകാരം ഇത്രയും വലിയ ദുരന്തത്തില്‍ കലാശിക്കുമെന്ന് സാധാരണക്കാരന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദീന്‍ അമാനുല്ല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ച് പ്രസ്താവിച്ചു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കുറ്റവിമുക്തനാക്കാന്‍ തയ്യാറാകാത്ത മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. 

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെ സഹപാഠി നല്‍കിയ പരാതി അന്വേഷിക്കുകയും പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാന മാര്‍ഗമാണ് ശകാരമെന്നും സുപ്രീം കോടതി പറഞ്ഞു. അതുകൊണ്ട് അധ്യാപകനെതിരെ കുറ്റം ആരോപിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥി കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാനും ഹോസ്റ്റലില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനും രക്ഷാധികാരി എന്ന നിലയില്‍ ശകാരിക്കുക മാത്രമാണ് അധ്യാപകന്‍ ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുമായി തന്റെ കക്ഷിക്ക് മറ്റൊരു പ്രശ്നവുമില്ലെന്നും ചൂണ്ടിക്കാണിച്ചു. 

Exit mobile version