Site icon Janayugom Online

കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി പാക്കേജ് നല്‍കണം

കേരളം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാനത്തിന് ഒറ്റത്തവണ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. കേരളത്തിന് പ്രത്യേക ഇളവ് നല്‍കുന്നതില്‍ തടസമെന്താണെന്ന് ചോദിച്ച പരമോന്നത കോടതി കേന്ദ്രം വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രം ഇന്ന് തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേന്ദ്രവുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ കേരളത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ കേരളത്തിന് വായ്പയെടുക്കാന്‍ അനുവാദം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
മാര്‍ച്ച് 31ന് മുമ്പ് ശക്തമായ നിബന്ധനകളോടെ ഒറ്റത്തവണത്തേക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക. നിലവില്‍ ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് വേണ്ടത്. എന്നാല്‍ വരും ബജറ്റുകളില്‍ ഇക്കാര്യത്തില്‍ കര്‍ശന നിബന്ധനകള്‍ വയ്ക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സാമ്പത്തിക വിഷയങ്ങളില്‍ കോടതികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യം പോര. എന്നാല്‍ സര്‍ക്കാരുകള്‍ക്ക് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താനാകുമെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക രക്ഷാ പാക്കേജ് അനുവദിക്കാനാവില്ലെന്നായിരുന്നു കേന്ദ്രം നേരത്തെ സ്വീകരിച്ചുവന്ന നിലപാട്.

കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍ വെങ്കിട്ടരമണിയും കോടതിയില്‍ ഹാജരായി. 

സുപ്രീം കോടതി വിധി പുറത്തുവന്നതോടെ കേരളം പറയുന്നതാണ് വസ്തുതയെന്ന് തെളിഞ്ഞുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. കേരളം ഉന്നയിക്കുന്ന വിഷയങ്ങള്‍ വീണ്ടും അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. ‘കൊടുക്കില്ല’ എന്ന സമീപനത്തിന് പകരം ഒന്നുകൂടി പരിഗണിക്കണമെന്നാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: The Supreme Court should grant the pack­age on Ker­ala’s petition

You may also like this video

Exit mobile version