Site iconSite icon Janayugom Online

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ ഇ ഡി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസുകൾ ലംഘിച്ചുവെന്നാരോപിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ആരംഭിച്ച ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് സോറന്റെ ഹർജിയിൽ ഇ ഡിക്ക് നോട്ടീസ് അയച്ചത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും നിരന്തരം സമൻസുകൾ അയക്കുന്ന ഇ ഡി നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സോറൻ പരമോന്നത കോടതിയെ സമീപിച്ചത്.

ഹേമന്ത് സോറൻ ഏഴ് തവണ സമൻസ് അയച്ചിട്ടും ഒരിക്കൽ പോലും ഹാജരായില്ലെന്നും കേസിന്റെ വിചാരണ ഏകദേശം പൂർത്തിയായതായും ഇ ഡി കോടതിയിൽ വാദിച്ചു. എന്നാൽ, സോറൻ മൂന്ന് തവണ ഹാജരായെന്നും പിന്നീട് ഇ ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്നും സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതി നടപടികൾ ആരംഭിച്ച് ഒരു വർഷത്തിന് ശേഷമാണ് സോറൻ ഹൈക്കോടതിയെ സമീപിച്ചതെന്ന ഇ ഡിയുടെ വാദം സുപ്രീം കോടതി മുഖവിലയ്ക്കെടുത്തില്ല.

ഇ ഡിയുടെ പ്രവർത്തനശൈലിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്. ഇ ഡി വലിയ തോതിൽ കേസുകൾ ഫയൽ ചെയ്യുന്നതിനെക്കുറിച്ച് പത്രങ്ങളിൽ വായിച്ചുവെന്നും, അത്തരം പരാതികളിൽ കൃത്യമായ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രിയാത്മകമായ ഫലങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. ഇത്തരം പ്രോസിക്യൂഷനുകൾ ഭയപ്പെടുത്താൻ വേണ്ടിയുള്ളതാണെന്നും, ഏജൻസിയുടെ ഊർജ്ജം ഫലപ്രദമായ കേസുകൾക്കായി ഉപയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ സോറന്റെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി സോറനെതിരെ പരാതി നൽകിയിരിക്കുന്നത്.

Exit mobile version