Site iconSite icon Janayugom Online

രാജ്യദ്രോഹക്കേസ് മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ത്തയുടെ പേരിൽ അസം പൊലീസെടുത്ത രാജ്യദ്രോഹക്കേസില്‍ മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അടുത്ത മാസം 15 വരെയാണ് ഇടക്കാല സംരക്ഷണം. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ആദ്യ കേസില്‍ സുപ്രീം കോടതി ഇടക്കാല സംരക്ഷണം നല്‍കിയതിന് ശേഷം പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മാധ്യമ പ്രവര്‍ത്തകരുടെ അഭിഭാഷക സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടാമത്തെ കേസിലെയും അറസ്റ്റ് തടഞ്ഞത്. ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്ന് നിര്‍ദേശിച്ചാണ് സുപ്രീം കോടതി വിധി.
മൊറിഗാവ് പൊലീസാണ് ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ക്രിമിനല്‍ ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയവ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപരും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് സിദ്ധാർത്ഥ് വരദരാജന്‍. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ കാരണം വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് ഡിഫന്‍സ് അറ്റാഷെ പറഞ്ഞതായി ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു നടപടി. 

കേസിലെ തുടര്‍ നടപടികള്‍ തടഞ്ഞുകൊണ്ട് ഈ മാസം 12ന് കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെ ഇതേ വകുപ്പുകള്‍ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഗുവാഹട്ടി ക്രൈംബ്രാഞ്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നടപടിക്കെതിരെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗില്‍ഡ് അടക്കമുള്ള മാധ്യമസംഘടനകള്‍ രംഗത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും പൊലീസിന്റെ പ്രതികാര നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. 

Exit mobile version