Site iconSite icon Janayugom Online

അനധികൃത മണൽ ഖനനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ചമ്പൽ നദിയിലെ അനധികൃത മണൽ ഖനനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരായ ഭിന്ദിയിലെ പോലീസ് നടപടി സുപ്രീം കോടതി തടഞ്ഞു. നിലവിൽ ഡൽഹിയിൽ താമസിക്കുന്ന ഈ മാധ്യമപ്രവർത്തകർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് മൽമോഹൻ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകി. ‘ദൈനിക് ബെജോർ രത്‌ന’ എന്ന പ്രാദേശിക പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുന്ന ശശികാന്ത് ജാതവ്, സ്വരാജ് എക്‌സ്പ്രസിന്റെ ജില്ലാ ബ്യൂറോ ചീഫ് ആയ അമർകാന്ത് സിങ് ചൗഹാൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 

ചമ്പൽ നദിയിലെ അനധികൃത മണൽ ഖനന പ്രവർത്തനങ്ങളെക്കുറിച്ച് ഇരുവരും ചേർന്ന് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് മെയ് 1‑ന് പോലീസ് സൂപ്രണ്ട് ഇരുവരെയും വിളിച്ച് വരുത്തി അപമാനിക്കുകയും മർദിക്കുകയും മറ്റ് മാധ്യമപ്രവർത്തകരുടെ മുന്നിൽ നഗ്നരാക്കി നിർത്തുകയും ചെയ്തുവെന്നാണ് മാധ്യമപ്രവർത്തകർ ആരോപിക്കുന്നത്. പോലീസിനെതിരെ കേസ് നൽകിയതിന് ശേഷം അതിൽ നിന്ന് പിൻവാങ്ങാൻ ഭീഷണിപ്പെടുത്തിയെന്നും അവർ പറയുന്നു. എന്നാൽ, മാധ്യമപ്രവർത്തകരുടെ ഈ ആരോപണങ്ങളെ സംസ്ഥാന സർക്കാരും പോലീസ് വിഭാഗവും എതിർത്തു. പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലാത്ത പക്ഷം സംരക്ഷണം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി അവധി കഴിയുന്നതുവരെയുള്ള രണ്ടാഴ്ചക്കാലത്തേക്കാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

Exit mobile version