ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ. വി വിശ്വനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ നിയമ വിരുദ്ധവും മതാചാരത്തിനുള്ള മൗലിക അവകാശത്തിന് എതിരാണെന്നുമാണ് ഹർജികളിലെ വാദം.
ഹർജികൾക്കെതിരെ സിപിഐ(എം), മുസ്ലിം ലീഗ്, ആർ ജെ ഡി, സമസ്ത തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും സംഘടനകളും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. നിയമം റദ്ദാക്കിയാൽ രാജ്യത്തെ മതേതരത്വം തകരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത്. ആരാധനാലയ നിയമത്തിനെതിരെ 2020 ലാണ് ആദ്യ ഹർജി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയത്.ആരാധനാലയ നിയമത്തിന് എതിരായ ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകിയിരുന്നു.