Site iconSite icon Janayugom Online

മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഘത്തിലെ പ്രതി അറസ്റ്റില്‍

മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഏറം അമ്പഴവിള വീട്ടില്‍ അനന്ദു (28) ആണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയായ മതുരപ്പ ഈട്ടിമൂട്ടില്‍ വീട്ടില്‍ സനോജ് എന്നയാളെ പോലീസ് മുമ്പ് പിടികൂടി റിമാന്‍റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയ് മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി സനോജ് ഏറം മതുരപ്പ പാതയോരത്ത് നടത്തിവരുന്ന പെയിന്‍റിങ് വര്‍ക്ക് ഷോപ്പിലിരുന്ന് മദ്യപിച്ചു ബഹളം വയ്ക്കുന്നത് അയല്‍വാസിയായ മരിയാദാസ് എന്ന യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നു സനോജും കൂട്ടുകാരനായ അനന്ദുവും മരിയാദാസിന്‍റെ വീട്ടുമുറ്റത്ത് എത്തി ബഹളം വയ്ക്കുകയും ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത മരിയാദാസിനെ ഇടിവളയും ഇരുമ്പ് ചെയിനും ഉപയോഗിച്ച് പ്രതികള്‍ മാരകമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണത്തില്‍ കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ മരിയാദാസ് അഞ്ചാലിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി. ഇരുമ്പ് ചെയിന്‍ ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ ശരീരമാസകലം മുറിവും ചതവുമേറ്റിരുന്നു. ഇയാളുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് സനോജിനെ പിടികൂടിയതോടെ അനന്ദു ഒളിവില്‍ പോയി. പിന്നീട് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ പ്രതി കോടതി നിര്‍ദേശ പ്രകാരം അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു. അഞ്ചല്‍ എസ്ഐ പ്രജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്

Exit mobile version