Site iconSite icon Janayugom Online

കയ്യിലെ പണം നഷ്ടപ്പെട്ടു, സഹായം ചോദച്ച് സ്റ്റേഷനിലെത്തിയത് മോഷണക്കേസ് പ്രതി

കയ്യിലെ പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയത് മോഷണക്കേസ് പ്രതിയാണെന്ന് മനസിലായതോടെ കയ്യോടെ ലോക്കപ്പിലാക്കി മാനന്തവാടി പൊലീസ്. കണ്ണൂർ, കണ്ണപുരം, മാറ്റാൻകീൽ തായലേപുരയിൽ എം ടി ഷബീറാണ്(40) അപ്രതീക്ഷിതമായി പൊലീസ് വലയിലായത്. ഇയാൾക്കെതിരെ കണ്ണൂർ, കണ്ണപുരം സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് ഷബീർ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി മാനന്തവാടി സ്റ്റേഷനിലെത്തിയത്.

തന്റെ കയ്യിൽ പണമില്ലാത്തതിനാൽ കിടക്കാൻ സ്ഥലം നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പെരുമാറ്റത്തിൽ സംശയം തോന്നിയ ജി ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ മനു അഗസ്റ്റിൻ വിശദമായി കാര്യങ്ങള്‍ ചോദിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന പേഴ്സില്‍ ആധാര്‍ കാര്‍ഡ് കാണുകയും അത് പരിശോധിക്കുകയും ചെയ്തു. ആധാർ കാർഡിലുണ്ടായിരുന്ന അഡ്രസ് നോക്കി കണ്ണപുരം സ്റ്റേഷനിലേക്ക് വിളിച്ച് ഇയാളെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് കണ്ണപുരത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ഇലക്ട്രിക് സാമഗ്രികൾ മോഷണം നടത്തിയ കേസിലെ പ്രതിയാണെന്നും സംഭവശേഷം ഒളിവിൽ പോയതാണെന്നും മനസിലായത്.

വലയില്‍ കുടുങ്ങിയിരിക്കുന്നത് മോഷണക്കേസ് പ്രതിയാണെന്ന് വ്യക്തമായതോടെ സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ എസ്എച്ച്ഒ പി റഫീക്കിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ കണ്ണപുരം പൊലീസിന് പ്രതിയെ കൈമാറി.

ക്യാപ്ഷന്‍
അറസ്റ്റിലായ ഷബീര്‍

Exit mobile version