Site icon Janayugom Online

താലിബാന്‍ സംഘം കാബൂളിന് തൊട്ടടുത്ത്, നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് രാജ്യങ്ങള്‍

അഫ്ഗാനിസ്ഥാനില്‍ സൈന്യത്തെ മറികടന്ന് തലസ്ഥാന നഗരമായ കാബൂളിനരികെ താലിബാന്‍. ഇന്നലെ ഒരു പ്രവിശ്യാ തലസ്ഥാനം കൂടി പിടിച്ചെടുത്തതോടെ 34 പ്രവിശ്യകളില്‍ 19 എണ്ണം താലിബാന്‍ നിയന്ത്രണത്തിലായി. 

ദിവസങ്ങള്‍ക്കുള്ളില്‍ കാബൂളും ഭീകരസംഘടനയായ താലിബാന്റെ നിയന്ത്രണത്തിലാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് അഷ്‌റഫ് ഘാനി താലിബാനുമായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. അഫ്ഗാൻ സേനയെ ഒന്നിച്ചുനിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും അഷ്റഫ് ഘാനി വീഡിയോ പ്രസ്താവനയില്‍ വ്യക്തമാക്കി. 

മൈദാന്‍ നഗരത്തിനുവേണ്ടിയാണ് നിലവില്‍ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ പോരാട്ടം നടക്കുന്നത്. കാബൂളിലേക്കുള്ള കവാടം എന്നാണ് മൈദാന്‍ അറിയപ്പെടുന്നത്. മസാർ‑ഇ-ഷെരീഫിൽ ഇന്നലെ പുലർച്ചെ താലിബാൻ ബഹുമുഖ ആക്രമണം ആരംഭിച്ചതായി വടക്കൻ ബൽഖ് പ്രവിശ്യയിലെ ഗവർണറുടെ വക്താവ് മുനീർ അഹ്മദ് ഫർഹാദ് പറഞ്ഞു,

ഇന്നലെ രാവിലെയോടെ പക്തിയ പ്രവിശ്യയുടെ തലസ്ഥാനമായ ഷര്‍ണയും താലിബാന്‍ പിടിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താലിബാന്‍ 18 പ്രവിശ്യകള്‍ പിടിച്ചെടുത്തു. തെക്കന്‍ മേഖലയിലെ നാല് പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്‍ വെള്ളിയാഴ്ച പിടിച്ചെടുത്തിരുന്നു. പല പ്രവിശ്യകളിലും സൈനികര്‍ യുദ്ധം ചെയ്യാതെ താലിബാന് കീഴടങ്ങി. അതേസമയം കാബൂളിന്റെ അതിർത്തി മേഖലകളിൽ നിലവിൽ യുഎസ് സേന ആക്രമണം നടത്തുന്നുണ്ട്. ഇതാണ് താലിബാനെ കാബൂളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടുത്തുനിര്‍ത്തിയിരിക്കുന്നത്.
കാണ്ഡഹാര്‍ ഗവര്‍ണര്‍ റൂഹുള്ള ഖാന്‍സാദ് താലിബാന് കീഴടങ്ങിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ ഏറ്റെടുത്ത താലിബാന്‍ കാണ്ഡഹാര്‍ റേഡിയോ ശരീഅത്ത് റേഡിയോ എന്ന് പുനര്‍നാമകരണം ചെയ്തു. താലിബാന്‍ പിടിച്ചടക്കിയ പ്രവിശ്യകളില്‍ നിന്നുള്ള സര്‍ക്കാര്‍ സൈന്യം കാബൂളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. 

അതേസമയം അമേരിക്കയുടെ ആദ്യ സൈനിക സംഘം കാബൂളിലെത്തി. എംബസി ഉദ്യോഗസ്ഥരടക്കമുള്ളവരെ യുഎസില്‍ തിരിച്ചെത്തിക്കുന്നതിന്റെ ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്.

Eng­lish sum­ma­ry; The Tal­iban have called off diplo­mat­ic mis­sions near Kabul

You may also like this video;

Exit mobile version