Site icon Janayugom Online

മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ താലിബാന്‍ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ മുന്‍ സര്‍ക്കാരിലെ അഞ്ച് പ്രധാന വകുപ്പുകള്‍ പിരിച്ചുവിട്ട് താലിബാന്‍. വകുപ്പുകള്‍ ആവശ്യമാണെന്ന് കരുതുന്നില്ലെന്നും ബജറ്റില്‍ ഉള്‍പ്പെടുത്താത്തതിനാലുമാണ് പിരിച്ചുവിടുന്നതെന്നും താലിബാന്‍ വക്താവ് ഇനാമുള്ള സമഗാനി പറഞ്ഞു. സജീവവും ഉല്‍പാദനക്ഷമതയുമുള്ള വകുപ്പുകളെയാണ് ബജറ്റില്‍ പരിഗണിച്ചിട്ടുള്ളതെന്നും സമഗാനി വ്യക്തമാക്കി. ആവശ്യമെങ്കില്‍ വകുപ്പുകള്‍ പുനസ്ഥാപിക്കുമെന്നും അറിയിച്ചു.

ദേശീയ അനുരഞ്ജനത്തിനുള്ള ഹൈ കൗൺസിൽ (എച്ച്‌സിഎൻആർ), അഫ്ഗാൻ ഭരണഘടന നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനുള്ള കമ്മിഷൻ എന്നിവയും പിരിച്ചുവിട്ടു. അഷ്റഫ് ഘാനി സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നത് മുന്‍ പ്രസിഡന്റ് അബ്ദുള്ള അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള എച്ച്‌സിഎൻആർ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷം 50 കോടി ഡോളറിന്റെ ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നതായി താലിബാന്‍ അറിയിച്ചിരുന്നു.

അതിനിടെ, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചേക്കുമെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രി സൂചന നല്‍കി. പെൺകുട്ടികളെ സെക്കന്‍ഡറി സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഉടൻ തന്നെ നല്ല വാർത്ത പ്രതീക്ഷിക്കാമെന്ന് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി പറഞ്ഞു. അഫ്ഗാൻ സംസ്കാരവും ഇസ്‍ലാമിക നിയമങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കി സെക്കന്‍ഡറി വിദ്യാഭ്യാസം അനുവദിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുകയാണെന്നും ഹഖാനി പറഞ്ഞു.

Eng­lish summary;The Tal­iban have dis­band­ed key depart­ments, includ­ing the Human Rights Commission

You may also like this video;

Exit mobile version