Site icon Janayugom Online

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന്‍

അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കാനൊരുങ്ങി താലിബാന്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണകര്‍ത്താക്കളെ പ്രഖ്യാപിക്കുമെന്ന് താലിബാന്‍ പ്രതിനിധി അഹ്‌മ്മത്തുള്ള മുത്താഖി പറഞ്ഞു. ഇറാന്‍ മോഡല്‍ ഭരണമായിരിക്കും അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുക. താലിബാന്റെ മുതിര്‍ന്ന മതപണ്ഡിതന്‍ അറുപതുകാരനായ ഹയ്ബത്തുള്ള അഖുന്ദ്സാദയായിരിക്കും ഭരണത്തലവന്‍. പ്രസിഡന്റിന്റെ പദവി ഇതിന് താഴെയായിരിക്കും. സൈനീക, സര്‍ക്കാര്‍, നിയമ തലവന്മാരെ നിയമിക്കാനുള്ള അവകാശം ഭരണത്തലവനായിരിക്കും. രാഷ്ട്രീയ, മത, സൈനിക വിഷയങ്ങളിലെ അവസാനവാക്കും പരമോന്നത നേതാവിനായിരിക്കും. 

കാണ്ഡഹാറില്‍ നിന്നുള്ള ചാവേറിന്റെ മകനാണ് അഖുന്ദ്സാദ. പാക് ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന താലിബാന്റെ സഹസ്ഥാപകനും ഡെപ്യൂട്ടി ലീഡറുമായ മുല്ല അബ്ദുള്‍ ഗാനി ബരദാര്‍ ആയിരിക്കും സര്‍ക്കാരിന്റെ തലപ്പത്തെത്തുക. താലിബാന്‍ സ്ഥാപകനായ മുല്ല മുഹമ്മദ് ഒമറിന്റെ മകന്‍ മുഹമ്മദ് യാക്കൂബ്, ഹഖ്വാനി ശൃംഖലയുടെ തലവന്‍ സിറാജുദ്ദീന്‍ ഹഖ്വാനി തുടങ്ങിയവര്‍ മറ്റ് പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് എത്തിയേക്കും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിലെ പ്രസിഡന്‍ഷ്യല്‍ പാലസിലാണ് പുതിയ സര്‍ക്കാരിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങുകള്‍ നടക്കുക. 

ENGLISH SUMMARY:The Tal­iban to form a new government
You may also like this video

Exit mobile version