Site icon Janayugom Online

യുഎന്‍ പ്രസ്താവനയില്‍ താലിബാനെ ഒഴിവാക്കി

ഭീകരസംഘടനകളെക്കറിച്ചുള്ള യുഎന്‍ രക്ഷാസമിതിയുടെ പ്രസ്താവനയില്‍ നിന്നും താലിബാനെ ഒഴിവാക്കി. കാബൂള്‍ വിമാനത്താവളത്തിലെ ഭീകരാക്രമണത്തെ അപലപിച്ചുള്ള പ്രസ്താവനയിലാണ് അഫ്ഗാനിലെ ഭീകര സംഘടനകളെ പരാമര്‍ശിച്ചിടത്ത് താലിബാനെ ഒഴിവാക്കിയത്. യുഎന്‍ രക്ഷാ സമിതിയുടെ അധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്. സമിതിക്കു വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ ഒപ്പിട്ടതും അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ യുഎന്‍ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തിയാണ്.

മാസംതോറും മാറിവരുന്ന അധ്യക്ഷ പദവിയില്‍ ഈ മാസം ഇന്ത്യയുടെ ഊഴമായിരുന്നു. ഇതാദ്യമായാണ് താലിബാന് അനുകൂലമായി രാജ്യാന്തര സമൂഹത്തില്‍ നിന്നും ഒരു നീക്കമുണ്ടാകുന്നത്. മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് അഫ്ഗാനിലെ ഗ്രൂപ്പുകള്‍ പിന്തുണ നല്‍കരുതെന്നാണ് പ്രസ്താവനയില്‍ യുഎന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പുള്ള യുഎന്‍ രക്ഷാസമിതിയുടെ പ്രസ്താവനയില്‍ നിന്നും വളരെ വ്യത്യസ്തമാണ് പുതിയ പ്രസ്താവന. മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് താലിബാനോ മറ്റു അഫ്ഗാന്‍ ഗ്രൂപ്പുകളോ വ്യക്തികളോ പിന്തുണ നല്‍കരുതെന്നായിരുന്നു ഓഗസ്റ്റ് 16ന് യുഎന്‍ രക്ഷാ സമിതിയുടെ പ്രസ്താവന. രണ്ടാമത്തെ പ്രസ്താവനയില്‍ താലിബാന്‍ എന്ന വാക്ക് ഒഴിവാക്കുകയായിരുന്നു. 

ENGLISH SUMMARY:The Tal­iban was exclud­ed from the UN statement
You may also like this video

Exit mobile version